chira
വറ്റി വരണ്ടു കൊണ്ടിരിക്കുന്ന ഒലിമ്പിൽ ചിറ

കോലഞ്ചേരി: കോലഞ്ചേരിയിലെ ശുദ്ധജല സ്രോതസായ ഒലിമ്പിൽ ചിറ വറ്റി വരളുന്നു. മെഡിക്കൽ കോളജ്, കോടതി, സ്‌കൂൾ, വ്യാപാര സ്ഥാപനങ്ങൾ, നിരവധി വീടുകൾ എന്നിവ ചിറക്ക് ചു​റ്റുമാണ്. ഇവിടങ്ങളിലുള്ള കിണറുകളിലെ പ്രധാന ശുദ്ധജല സ്രോതസാണ് ചിറ. പെരിയാർവാലി കനാലിൽ വെള്ളം എത്തിയാൽ ചിറയിൽ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ. മെയിൻ കനാലുകളിൽ വെള്ളമെത്തിയെങ്കിലും ബ്രാഞ്ച് കനാലുകളിലേയ്ക്ക് തുറന്നു വിട്ടിട്ടില്ല .ഇതോടെ ചിറ വറ്റി വരണ്ടു. ഒരു വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി ചിറ നവീകരിച്ച് ചുറ്റും കരിങ്കല്ല് കെട്ടിയിരുന്നു. ചിറയോട് ചേർന്ന് ഉപയോഗ പ്രദമല്ലാത്ത രീതിയിൽ സ്ഥിതി ചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധർ പ്ലാസ്​റ്റിക് അടക്കമുള്ള കുപ്പികൾ ചിറയിലേക്ക് വലിച്ചെറിയുന്നതും ഭീഷണി ഉയർത്തുന്നു. ബ്രാഞ്ച് കനാലുകളുടെ അറ്റ കുറ്റ പണി പൂർത്തീകരിക്കാത്തതാണ് വെള്ളം തുറന്ന് വിടാത്തതിന് കാരണം.

വർഷങ്ങൾക്ക് മുമ്പ് രണ്ടര ഏക്കറോളം വിസ്തൃതിയിൽ നിന്നിരുന്ന ചിറ ഇന്ന് അനധികൃത കൈയേറ്റം മൂലം അര ഏക്കറിൽ താഴെയായി ചുരുങ്ങി.

ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന പച്ചനോട് പാടശേഖരത്തിലേക്ക് കൃഷി ആവശ്യത്തിനായി വെള്ളം എത്തിച്ചിരുന്നത് ഈ ചിറയിൽ നിന്നാണ്.

കോലഞ്ചേരി കോടതിയ്ക്ക് സമീപം വൻ വികസനം വന്നതോടെ ചിറയുടെ നിലനില്പ് തന്നെ ഭീഷണിയിലായി.

സമീപത്തെ ഓടകളിൽ നിന്നെത്തുന്ന മാലിന്യ മടങ്ങിയ ജലം ഓട പൊട്ടി ചിറയിലേക്ക് പതിക്കുന്നുണ്ട്..

ചിറയോട് ചേർന്ന് ഉപയോഗശൂന്യമായി കിടക്കുന്ന കിണറിലേക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം നിക്ഷേപിക്കുന്നു