നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു മുമ്പിലെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രധാനഗേറ്റ് അടച്ചതിനെതിരെ പ്രതിഷേധം. പൊതുമരാമത്ത് വകുപ്പിന്റെ മറ്റൂർ കരിയാട് റോഡിൽ നിന്നുള്ള പ്രധാന വഴിയാണ് തീവ്രവാദവിരുദ്ധസേനയുടെ നിർദേശത്തെത്തുടർന്ന് അടച്ചത്.
സേനയുടെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ഒഫ് പൊലീസിന്റെ ഓഫീസ് ഈ റോഡിലാണ്. ഇപ്പോൾ നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേയ്ക്ക് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രവേശിക്കണമെങ്കിൽ വിമാനത്താവളത്തിന്റെ നിയന്ത്രണത്തിലുള്ള റോഡിലൂടെ വരണം. നെടുമ്പാശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലും അങ്കമാലി മുനിസിപ്പൽ പ്രദേശത്തും അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി വലിയ അധികാര പരിധിയുള്ള നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേയ്ക്ക് പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുഗമമായ യാത്രയ്ക്ക് ഈ നടപടി തടസം സൃഷ്ടിക്കും. സിയാലിന്റെ അധീനതയിലുള്ള ഭൂമി പൊലീസ് സ്‌റ്റേഷൻ നിർമ്മാണത്തിന് അനുവദിച്ചപ്പോൾ മറ്റൂർ കരിയാട് റോഡാണ് പ്രധാന കവാടമായി നൽകിയത്. നടപടി അധികൃതർ പുനപ്പരിശോധിക്കണമെന്നും പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷന്റെ സേവനം ഉപയോഗപ്പെടുത്താൻ അടച്ചവഴി തുറന്നു നൽകണമെന്നും സി.പി.എം നെടുമ്പാശേരി ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു