കൊച്ചി : പതിനെട്ടാം വയസിൽ ഏഴായിരം കിലോമീറ്റർ ബുള്ളറ്റിൽ താണ്ടി ഹിമാലയം സന്ദർശിച്ച ആൻഫി മരിയ ബേബിയുടെ അടുത്ത ലക്ഷ്യം ഇടുക്കിയിലെ പാൽക്കുളമേട്ടിലേക്ക്. കളമശേരിക്കാരി ആൻഫി മരിയ ബേബി എന്ന ഇരുപതുകാരിക്ക് സാഹസികയാത്ര ചെറുപ്പം മുതലേ ഹരമാണ്. ഇടുക്കി യാത്രയിൽ ആൻഫിക്ക് കൂട്ടായി എറണാകുളം സ്വദേശിനി 46 കാരിയായ മേഴ്സി ജോർജുമുണ്ട്.
ഇന്നാണ് കൊച്ചിയിൽ നിന്ന് യാത്ര തിരിക്കുക.
# ദുർഘടം പിടിച്ച പാൽക്കുളമേട്
ഇടുക്കി ജില്ലയിലെ പാൽക്കുളമേട് ബുള്ളറ്റ് പ്രേമികൾക്ക് പ്രിയപ്പെട്ട ഇടമാണ്. അപകടം പിടിച്ച ഒഫ് റോഡുകളിൽ ഒന്ന്. 40 കിലോമീറ്റർ റോഡില്ലെന്നു പറയാം. കാടിന് നടുവിലൂടെ വേണം യാത്ര.
ചെറുതോണിയിൽ നിന്ന് അടിമാലി റൂട്ടിൽ ചുരുളി വരെ എട്ടു കിലോമീറ്റർ ടാറിട്ട റോഡ്. അവിടെനിന്ന് കുത്തനെ കയറ്റമുള്ള റോഡ് ആരംഭിക്കും. മൂന്നു കിലോമീറ്റർ കൂടി പിന്നിട്ടാൽ റോഡ് കാണാനില്ല. കല്ലുകളും മണ്ണും മാത്രം. ഒരു മണിക്കൂറിലേറെ സഞ്ചരിച്ചാൽ പാൽക്കുളമേട്ടിലെത്താം.
# റോയൽ ട്യൂൺ റൈഡേഴ്സ്
20 ദിവസം കൊണ്ടാണ് ആൻഫി ഹിമാലയത്തിലേക്കും തിരിച്ചും ബുള്ളറ്റിൽ യാത്ര ചെയ്തത്. പെൺകുട്ടികൾക്കായി ആൻഫി റോയൽ ട്യൂൺ റൈഡേഴ്സ് എന്ന ഗ്രൂപ്പ് ആരംഭിച്ചു. ലേഡി ഓൺ റോഡ് എന്ന യു ട്യൂബ് ചാനലും
# സ്വയം മാതൃകയാകണം.
വനിതാശാക്തീകരണവും സ്ത്രീസ്വാതന്ത്ര്യവും പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങാതെ ഓരോ പെൺകുട്ടിയും സ്വയം മാതൃകയാകണം. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നു ആദ്യം എനിക്ക്. ഇപ്പോൾ ഏറെ പ്രോത്സാഹനം ലഭിക്കുന്നു.
ആൻഫി മരിയ ബേബി