നെടുമ്പാശേരി: ഇന്ത്യയിലെ വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടി ദേശീയ ചാമ്പ്യനായ ജോസ് മാവേലിക്ക് നെടുമ്പാശേരി പൗരാവലി സ്വീകരണം നൽകി. നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 65+ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ജോസ് മാവേലി പങ്കെടുത്തത്.
100 മീറ്റർ ഓട്ടത്തിൽ 13.7 സെക്കന്റ് സമയംകൊണ്ടാണ് അദ്ദേഹം ഓടിയെത്തി സ്വർണം നേടിയത്. കൂടാതെ 400 മീറ്റർ ഓട്ടത്തിലും 100 x 400 മീറ്റർ റിലേയിലും സ്വർണവും 200 മീറ്റർ ഓട്ടത്തിൽ വെള്ളിയുംനേടിയാണ് ജോസ് മാവേലി ദേശീയ ചാമ്പ്യനായത്. അത്താണി ഒയാസിസ് സംഘടപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസിഡന്റ് എ.പി.ജി നായർ അദ്ധ്യക്ഷത വഹിച്ചു. 69-ാം വയസിലും വിട്ടുവീഴ്ചയല്ലാത്ത പരിശീലനത്തിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുന്നത് അദ്ദേഹത്തിന്റെ കായികപ്രേമത്തിന് തെളിവാണെന്ന് യോഗം അഭിപ്രായപ്പെട്ടു. തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമായ ജോസ് മാവേലി, കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോർട്‌സ് അക്കാഡമി എന്ന സ്ഥാപനം ആരംഭിച്ചതും അതിലൂടെ നിരവധി കുട്ടികൾ വിവിധ കായിക വിഭാഗങ്ങളിൽ ജില്ലാ - സംസ്ഥാന തലത്തിൽ മികവു പുലർത്തി പ്രതിഭ തെളിയിച്ചതും ജോസ് മാവേലിയിലെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് തെളിവാണ്. വി. എം. ദേവരാജ്, കമലം, പി.എ. പോൾ എന്നിവർ പ്രസംഗിച്ചു.