attack-at-road
ടിപ്പർ ലോറിയിലെ ജീവനക്കാർ നടുറോഡിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മർദിക്കുന്നു

അടിമാലി: കെ.എസ്. ആർ.ടി.സി. ജീവനക്കാരെ ടിപ്പർ ലോറി ഡ്രൈവറും ജീവനക്കാരനും ചേർന്ന് മർദ്ദിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 നാണ് സംഭവം. മൂന്നാറിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന കോതമംഗലം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ കോതമംഗലം നെല്ലിക്കുഴി സ്വദേശി സുധീർ (42) കണ്ടക്ടർ പെരുമ്പാവൂർ ചെറക്കേക്കുടി ഹാഷിം (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലിയിൽ നിന്നും എറണാകുളത്തേക്ക് യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ്സിന് മുൻപിൽ ആയി ഓടികൊണ്ടിരുന്ന ടിപ്പർ ലോറി അപകടകരമായ രീതിയിൽഓടിച്ച് ചാറ്റുപാറ സി.എസ്.ഐ പള്ളിക്ക് സമീപം വെച്ച് റോഡിൽ നിറുത്തിയിട്ടു.ഇത് ചോദ്യം ചെയ്ത് ഒരുയാത്രക്കാരൻ ഇറങ്ങിച്ചെന്നു. ഇതിൽ ക്ഷുഭിതരായ ടിപ്പർ ജീവനക്കാർ യാത്രക്കാരനെ
മർദ്ദിച്ചു. തുടർന്ന് റോഡിൽ ഇറങ്ങി നിന്നിരുന്ന ഡ്രൈവറെയും കണ്ടക്ടറേയും ക്രൂരമായി മർദിക്കുകയായിരുന്നു.പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചെങ്കിലും ഫോൺ പ്രവർത്തന രഹിതമായിരുന്നു. മർദ്ദിച്ച പ്രതികളും ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു.