കൊച്ചി : സ്വാശ്രയ എം.ബി.ബി.എസ് കോഴ്സിന് പ്രവേശന - ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഫീസ് പുനർനിശ്ചയിക്കാനായി ആവശ്യമായ രേഖകൾ മൂന്നാഴ്ചയ്ക്കകം സമിതിക്ക് നൽകാൻ കോളേജ് മാനേജ്മെന്റുകളോടു നിർദ്ദേശിച്ചു. സമിതി നിശ്ചയിച്ച ഫീസ് മതിയായതല്ലെന്നാരോപിച്ച് മാനേജ്മെന്റുകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സമിതി നിശ്ചയിച്ച ഫീസ് ഘടന റദ്ദാക്കിയ ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. സമിതി പഴയ ഫീസ് തന്നെ വീണ്ടും നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ അപ്പീൽ നൽകിയത്. കോടതി നിർദ്ദേശിച്ചിട്ടും പഴയ ഫീസ് ഘടന തന്നെ നിശ്ചയിച്ച സമിതിയുടെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ഫീസ് നിർണയം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതിൽ സമിതി പരാജയപ്പെട്ടെന്നും ഫീസ് എങ്ങനെ നിർണ്ണയിക്കണമെന്ന നിയമ വ്യവസ്ഥകൾ പാലിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
മാനേജ്മെന്റ്
നൽകേണ്ടത്:
1. ഭൂമിയുടെയും കെട്ടിടത്തിന്റെയും വില (ഭൂമി വാങ്ങിയതിന്റെയും
കെട്ടിടം നിർമ്മിച്ചതിന്റെയും തീയതി ഉൾപ്പെടെ)
2. അടിസ്ഥാന സൗകര്യങ്ങൾ
3. ഉപകരണങ്ങളുടെ പട്ടികയും ഇവയുടെ വിലയും
4. ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫിന്റെ ശമ്പളവും അലവൻസും
5. മെഡിക്കൽ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിന്റെ ചെലവ്
6. മറ്റു ചെലവുകൾ
7. ഭാവിയിലെ വികസനത്തിനുള്ള അധികത്തുക