അങ്കമാലി : അപകടത്തിൽപ്പെട്ട ബൈക്ക് നൂറ് മീറ്ററോളം ആളില്ലാതെ ഓടി സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചു. അങ്കമാലി ടെൽക്ക് കമ്പനിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരേന്ദ്രൻ നായർക്കാണ് (50) പരിക്കേറ്റത്. ബൈക്ക് യാത്രികനായ കോയമ്പത്തൂർ സ്വദേശി ദിനേഷ് കുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ മേല്പാപാലത്തിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11.15 ഓടെ ആയിരുന്നു അപകടം.
കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ദിനേഷ് കുമാർ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ബൈക്കിൽ നിന്നുവീണ ദിനേഷ്‌കുമാർ റോഡിൽ നിന്നുരുണ്ട് മേല്പാലത്തിലെ കൈവരിയിൽ പിടിച്ചുകിടന്നു. ബൈക്ക് ആളില്ലാതെ ഓടി ടെൽക്കിന്റെ ഗേറ്റിലൂടെ കടന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇടിക്കുകയായിരുന്നു. ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ അന്വേഷണത്തിലാണ് ദേശീയപാതയിൽ കൈവരിയിൽ പിടിച്ചുകിടക്കുന്ന ബൈക്ക് യാത്രികനെ കണ്ടത്. ഇരുവരെയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.