thamara
മകരജ്യോതി

കൊച്ചി: കൊടിയിറങ്ങുമ്പോൾ തീരുന്നതല്ല തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രോത്സവ നോട്ടീസിന്റെ ആയുസ്. വെറും നോട്ടീസെന്ന് പറഞ്ഞാൽ നാട്ടുകാർ തെറ്റും. അവർ സൂക്ഷിച്ചു വയ്ക്കുന്ന റഫറൻസ് ഗ്രന്ഥമാണ്. പേര് മകരജ്യോതി.

206 വർണ പേജുകളിൽ വെടിക്കെട്ടിന്റെ ശാസ്ത്രീയത മുതൽ കാഴ്ചക്കാരന്റെ ആനന്ദം വരെ വിവരിക്കുന്നു ഇത്തവണ. 18 വർഷമായി ഇതുപോലെ ഓരോ വിഷയങ്ങളിൽ സമഗ്രമായ അറിവ് പകർന്നു നൽകി.

മരടിലെ ഫ്ളാറ്റുകളിൽ സ്ഫോടനത്തിന് ചുക്കാൻ പിടിച്ച ഡോ. ആർ. വേണുഗോപാൽ മുതൽ വമ്പൻ പൂരങ്ങൾക്ക് കമ്പക്കെട്ട് ഒരുക്കുന്നവർ വരെ ഇക്കൊല്ലം ലേഖനമെഴുതി. കേരളത്തിലെ പ്രധാന വെടിക്കെട്ടുത്സവങ്ങളുടെ സമയക്രമമറിയാനും മകരജ്യോതി മറിച്ചാൽ മതി.

താമരംകുളങ്ങര അയ്യപ്പസേവാ സമിതിയാണ് അണിയറ ശില്പികൾ. സ്‌മരണിക എന്ന ആശയം നടപ്പാക്കിത്തുടങ്ങിയത് 2003ലെ ഉത്സവത്തിന്. ആർട്ടിസ്റ്റ് നമ്പൂതിരി അന്ന് ചിത്രങ്ങൾ വരച്ചു. സമിതി ഭാരവാഹിയായിരുന്ന പരേതനായ വിനയൻ പേരിട്ടു.

ചെയ്ത വിഷയങ്ങൾ

ഉത്സവം, ക്ഷേത്രകലകൾ, ആന, മേളം, കഥകളി, പൂരങ്ങൾ, തീർത്ഥയാത്രകൾ, സംഗീതം, നിവേദ്യം, ചുമർചിത്രങ്ങൾ, നൃത്തം, ശാസ്താക്ഷേത്രങ്ങൾ...

മാസങ്ങളുടെ പരിശ്രമം

നാലഞ്ചു മാസത്തെ കഠിനശ്രമമുണ്ട് ഓരോ മകരജ്യോതിക്ക് പിന്നിലും. വിദഗ്ദ്ധരായവരെ കണ്ടെത്തി എഴുതിക്കണം. വിഷയം ഏതായാലും കൃത്യമായ വിവരങ്ങൾ നൽകും. നല്ല ചെലവ് വരുമെങ്കിലും പരസ്യത്തിലൂടെ കൈനഷ്ടം വരാതെ നോക്കും.

'നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ക്ഷേത്രത്തിന്. ചമ്രവട്ടത്ത് ഭജനമിരുന്ന മൊരക്കാല മനയിലെ ഉണ്ണി നമ്പൂതിരിക്കൊപ്പം ധർമ്മശാസ്താവും കൂടിയെന്നാണ് വിശ്വാസം. ചൊവ്വര രാജാവും കൊച്ചി രാജാവും ക്ഷേത്രഭരണം നടത്തി. 57 വർഷം മുമ്പ് സമിതി ഏറ്റെടുത്തു".

- എസ്. ഹരി,സെക്രട്ടറി,

താമരംകുളങ്ങര അയ്യപ്പസേവാ സമിതി