നെടുമ്പാശേരി: 51500 രൂപയുടെ നിരോധിത നോട്ടുകളുമായി വിദേശ വനിതയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് പിടികൂടി. കേരളം സന്ദർശിച്ചശേഷം മടങ്ങാനെത്തിയ സ്വീഡിഷ് വനിതയായ കൽബർഗ് ആസ മരിയയാണ് (56) പിടിയിലായത്.

51500 രൂപയുടെ 1000, 500 എന്നീ നോട്ടുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാഗേജ് എക്സറേ പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് കറൻസി കണ്ടെത്തിയത്. പിന്നീട് ഇവരെ കസ്റ്റംസ് വിഭാഗത്തിന് കൈമാറി. 2014 ൽ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ വാങ്ങിയ നോട്ടുകളാണ് ഇവയെന്നും നോട്ട് നിരോധനവിവരം അറിയാതെ ഇത്തവണ വന്നപ്പോൾ ഇത് കൈവശം വയ്ക്കുകയായിരുന്നെന്നുമാണ് ഇവർ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുള്ളത്.