കൊച്ചി : സി.പി.എം പ്രവർത്തകരായ തങ്ങൾ മാവോയിസ്റ്റുകളാണെന്നതിന് മുഖ്യമന്ത്രിയുടെ പക്കൽ എന്ത് തെളിവാണുള്ളതെന്ന് അലൻ ഷുഹൈബും താഹ ഫസലും ചോദിച്ചു. ഇന്നലെ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കി തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മാദ്ധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. സി.പി.എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നു. പാർട്ടിക്ക് പോസ്റ്റർ ഒട്ടിക്കാനും വോട്ടുപിടിക്കാനും നടന്നവരാണ് ഞങ്ങൾ. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ തെളിവു നൽകേണ്ടി വരുമെന്നും ഇവർ പറഞ്ഞു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് കഴിഞ്ഞ നവംബർ ഒന്നിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയതിനാൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. തുടർന്നാണ് ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തത്. തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് റിമാൻഡ്.

താഹയുടെ ആവശ്യപ്രകാരം തൃശൂർ മെഡിക്കൽ കോളേജിൽ ദന്ത ഡോക്ടറെ കാണാൻ സൗകര്യം ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. പരിശോധനാ സമയത്ത് പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു.

പ്രതികളെ ജനുവരി 20 മുതൽ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.ഐ.എ അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തു. ഇന്നും അപേക്ഷയിൽ കോടതി വാദം കേൾക്കും.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ ഉൾപ്പെടെ തെളിവുകൾ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് എറണാകുളത്തെ എൻ.ഐ.എ കോടതിക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.