കൊച്ചി: മാലിന്യ സംസ്‌ക്കരണത്തിൽ ഇൻഡോർ അനുകരണീയ മാതൃകയെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. പാർലമെന്റിന്റെ അർബൻ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇൻഡോറിൽ എത്തിയതായിരുന്നു അദ്ദേഹം.
അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇൻഡോറിൽ കണ്ടത്. മാതൃകാ റോഡുകളിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകളിൽ സോളാർ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഉണങ്ങിയ മാലിന്യവും ഖരമാലിന്യവും വ്യത്യസ്തമായി നിക്ഷേപിക്കാവുന്ന ബിന്നുകൾ നിറയുമ്പോൾ മുനിസിപ്പാലിറ്റിക്ക് അറിയിപ്പ് ലഭിക്കും. തത്ക്ഷണം മാലിന്യം നീക്കുന്ന സംവിധാനമുണ്ട്. കരാർ തൊഴിലാളികൾ വീടുകളിൽ നിന്ന് തരംതിരിച്ച മാലിന്യം സമാഹരിച്ച് ടർക്കി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്ലാന്റിൽ സി.എൻ.ജിയാക്കി മാറ്റും. 300 ടൺ മാലിന്യമാണ് ഒരു ദിവസം സമാഹരിക്കുന്നത്. ഇൻഡോറിലെ ബസുകൾക്ക് സി.എൻ.ജി ഇന്ധനം മാലിന്യത്തിൽ നിന്നാണ് രൂപപ്പെടുത്തുന്നത്.
കൊച്ചി പോലുള്ള നഗരത്തിൽ നടപ്പാക്കാൻ സാധിക്കുന്ന മികച്ച മാതൃകയാണ് ഇൻഡോറിലേതെന്ന് ഹൈബി ഈഡൻ പറഞ്ഞു.