കൊച്ചി : ഇറക്കുമതി ചെയ്തതും കാലാവധി കഴിഞ്ഞതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു. മറൈൻഡ്രൈവിലെ മൊത്തവിതരണ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയാണ് അനധികൃത ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
ഫെയ്‌സ് ക്രീം, മുടി വളരാനുള്ള വൈറ്റമിൻ ഇ ഗുളികകൾ, അലോവേര ജെൽ, ഹെന്ന പൗഡർ, മുഖത്ത് തേക്കുന്ന വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്.

മിഡാസ് എന്ന സ്ഥാപനത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഹെയർ ഓയിൽ വാങ്ങിയ വ്യക്തി അലർജി വന്നതായി നൽകിയ പരാതിയിലായിരുന്നു റെയ്ഡ്. നിർമ്മാണ തീയതിയോ കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാതാക്കളെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബില്ലുൾപ്പെടെ രേഖകളുമില്ലായിരുന്നു. പിടിച്ചെടുത്ത ഉത്പന്നങ്ങൾ ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അറിയിച്ചു.