കൊച്ചി : ആലുവ തുരുത്തുമ്മേൽ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദർശന മഹോത്സവത്തിന് 22ന് തുടക്കമാകും. 26ന് നടക്കുന്ന അവിട്ട ദർശനത്തോടെ സമാപിക്കും. ക്ഷേത്രംതന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട്, ചിത്രഭാനു നമ്പൂതിരിപ്പാട്, മേൽശാന്തി ചിറ്റാറ്റുപ്പുറം നാരായണൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.
വിഭവസമൃദ്ധവും താംബൂല സഹിതവുമായുള്ള അവിട്ട സദ്യയാണ് ഇവിടത്തെ പ്രധാന വഴിപാട്. എഴുപതോളം വരുന്ന പാചക വിദഗ്ദ്ധരാണ് സദ്യ ഒരുക്കുന്നത്. മൂവായിരത്തോളം പേർ സദ്യ ഉണ്ണാനെത്തും.
മഹോത്സവത്തിന് തുടക്കം കുറിച്ചുക്കൊണ്ടുള്ള അവിട്ടദർശന വിളംബര ശോഭയാത്ര 21 ന് ആലുവ മഹിളാലയം കവലയിൽ നിന്നാരംഭിക്കും. കാവടിസംഘവും മേളവും വേഷമണിഞ്ഞ കലാകാരൻമാരും ഭജനസംഘങ്ങളും 101 താലമേന്തിയ ബാലികമാരും അകമ്പടി സേവിക്കും.
22 ന് രാവിലെ 8 ന് പറയ്ക്കെഴുന്നള്ളിപ്പ് , വെെകിട്ട് 7 ന് കളമെഴുത്തും പാട്ടും. രാത്രി 9 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും കോമഡിഷോയും. 23 ന് രാത്രി 8.30ന് വെെക്കം മാളവികയുടെ നാടകം - മഞ്ഞുപെയ്യുന്ന മനസ് . 24 ന് രാത്രി 8.30 ന് ഗ്രാമോത്സവം, 25ന് രാവിലെ 9 ന് 25 കലശം, വെെകിട്ട് 6.30 ന് ചെണ്ടമേളം, രാത്രി 8ന് അവിട്ടസദ്യ ഒരുക്കലിന് ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനേൻ ദീപം തെളിക്കും. തുടർന്ന് ഒരിക്കൽ കഞ്ഞിവിതരണം, 26ന് ഉച്ചയ്ക്ക് 12 ന് അവിട്ടദർശനം തുടർന്ന് അവിട്ടസദ്യ, രാത്രി 11.30 ന് താലപ്പൊലി തുടർന്ന് മുടിയേറ്റ്.
ആലുവ കെ.എസ് ആർ.ടിസി സ്റ്റാൻഡിൽ നിന്ന് പ്രത്യേക ബസ് സർവീസും വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സൗജന്യ വാഹന സർവീസും ഉൽസവദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഭാരവാഹികളായ അഡ്വ. എം.ബി. സുദർശനകുമാർ, പി.ജി.സുനിൽകുമാർ , ദിലീപ് നായർ, രൂപേഷ് പയ്യാട്ട് , കണ്ണൻ പയ്യാട്ട് എമ്മിവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.