കോലഞ്ചേരി: വേനൽ കടുക്കുന്നതോടെ പലമേഖലകളിലും ചിക്കൻപോക്സ് പിടിപെടുന്നു. ജാഗ്രത പാലിച്ചാൽ നിയന്ത്രിക്കാമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴുമാണ് വൈറസുകൾ മ​റ്റുളളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാവുകയും ചെയ്യുന്നത്. രോഗി പൂർണ വിശ്രമമെടുക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന്കഴിക്കുകയും വേണം. രോഗലക്ഷണം പ്രകടമാവുന്നതിനു മുമ്പും,ലക്ഷണങ്ങൾ തുടങ്ങി നാല് അഞ്ച് ദിവസം വരെയുമാണ് രോഗം മ​റ്റുളളവരിലേക്ക് പകരുന്നത്.

പ്രതിരോധിക്കാം

വ്യക്തിശുചിത്വം പാലിക്കുക

കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക

രോഗിയുമായുളള സമ്പർക്കം നിയന്ത്റിക്കുക

ചുമയ്ക്കുമ്പോൾ വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക

രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക

രോഗിയെ ശുശ്രൂഷിക്കാം

ഒരിക്കൽ രോഗം വന്നയാൾക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്

രോഗിയെ നല്ലവായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുക

രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെളളവും നൽകണം

സ്വയംചികിത്സ നടത്തരുത്

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം. രോഗംവന്നാൽ സ്വയംചികിത്സ നടത്തരുത്. ഹോമിയോപ്പതിയിൽ ചിക്കൻപോക്സിന് വരാതിരിക്കുനുള്ള പ്രതിരോധ മരുന്നുണ്ട്. വീട്ടിലോ, സമീപത്തോ ചിക്കൻ പോക്സ് പിടിപട്ടാൽ പ്രതിരോധ മരുന്ന് കഴിക്കുന്നത് രോഗ വ്യാപനം തടയും.

ഡോ.എൻ.ആർ ശർമ്മ, ന്യൂ ജനറേഷൻ മെഡിസിൻ വിഭാഗം തലവൻ,

പടിയാർ ഹോമിയോ മെഡിക്കൽ കോളേജ് ചോറ്റാനിക്കര

പ്രധാന ലക്ഷണങ്ങൾ

പനി, ശരീരവേദന, ശരീരത്തിൽകുമിളകൾ പ്രത്യക്ഷപ്പെടും, കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക.

ചികിത്സക്കുളള മരുന്ന് സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കും

രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചാൽ രോഗം സങ്കീർണമാകുന്നത് തടയാം

ചിക്കൻപോക്‌സ്

വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്‌സ്. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നത്. 10 വയസിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം അധികവും കാണപ്പെടുന്നത്. കുട്ടികളിൽ കാണപ്പെടുന്നത് സാധാരണ തരത്തിലായിരിക്കും. എന്നാൽ മുതിർന്നവരിൽ ഈ രോഗം കുട്ടികളിലും കൂടുതൽ സങ്കീർണ്ണമായാണ് കാണപ്പെടുന്നത്.