കൊച്ചി : എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാറും സുഭാഷ് വാസുവും ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന് എറണാകുളം ജില്ലയിലെ എസ്.എൻ.ഡി.പി യോഗത്തിന്റെ ഒമ്പത് യൂണിയനുകളിലെയും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തെ ഇന്നത്തെ നിലയിൽ വളർത്തിയതിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും നിർണ്ണായക പങ്കുണ്ടെന്നും ആരോപണങ്ങൾ തള്ളിക്കളഞ്ഞ് യോഗത്തിന്റെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ഭാരവാഹികൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെയും എൻജിനീയറിംഗ് കോളേജിലെയും കോടികളുടെ തട്ടിപ്പുകളുടെ പേരിൽ സംഘടനാ - നിയമ നടപടികൾ നേരിടുന്നയാളാണ് സുഭാഷ് വാസു. താനുൾപ്പെട്ട ക്രമക്കേടുകൾ പുറത്തു വന്നതോടെയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ രംഗത്തു വന്നത്.

രണ്ടു വർഷം മുമ്പു മാത്രം സംഘടനയിൽ അംഗത്വമെടുത്ത ടി.പി. സെൻകുമാറിന് യോഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ധാരണയില്ല. എസ്.എൻ.ഡി.പി യോഗത്തിനോ സമുദായത്തിനോ ഒരുപകാരവും അദ്ദേഹം ചെയ്തിട്ടില്ലെന്നും യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. പൊലീസിലായിരുന്നപ്പോൾ കേസെടുക്കുകയോ അന്വേഷിക്കുകയോ ചെയ്യാമായിരുന്ന കാര്യങ്ങളാണ് സെൻകുമാർ ആരോപണങ്ങളായി ഉന്നയിക്കുന്നത്.

വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ ഉയർന്ന ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഒരു കേസിലും ഇവർ പരാജയപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുമായി പൊലീസിനെയും കോടതിയെയും സമീപിക്കുന്നതിനു പകരം വാർത്താ സമ്മേളനത്തിന്റെ പേരിൽ വ്യക്തിഹത്യക്ക് ശ്രമിക്കുന്നത് ഭീരുത്വമാണെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോൾ 48 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നത് ഇന്ന് 150 ഓളം എണ്ണമായി. 3400 ശാഖകളുണ്ടായിരുന്നിടത്ത് 6500 ശാഖകളായി. 50 യൂണിയനുകളുടെ സ്ഥാനത്ത് 140 യൂണിയനുകളായി. മൈക്രോഫിനാൻസ് പദ്ധതിയിലൂടെ 7000 കോടിയോളം രൂപ എസ്.എൻ.ഡി.പി യോഗം കീഴ്ഘടകങ്ങൾക്ക് വിതരണം ചെയ്തു. രണ്ടു പതിറ്റാണ്ടു കൊണ്ട് എസ്.എൻ.ഡി.പി യോഗവും സമുദായവും ഏറെ പുരോഗതി കൈവരിച്ചെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ജില്ലയിൽ ഒമ്പതു യൂണിയനുകളാണുള്ളത്. ഇവയുടെ കീഴിലുള്ള ശാഖകളുടെയും കുടുംബ യൂണിറ്റുകളുടെയും മൈക്രോഫിനാൻസ് യൂണിറ്റുകളുടെയുമൊക്കെ യോഗങ്ങൾ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു വരികയാണെന്നും ഭാരവാഹികൾ വിശദീകരിച്ചു.

കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, വൈപ്പിൻ യൂണിയൻ പ്രസിഡന്റും കണയന്നൂർ യൂണിയൻ കൺവീനറുമായ പി.ഡി. ശ്യാംദാസ്, കൊച്ചി യൂണിയന് വേണ്ടി യോഗം അസി. സെക്രട്ടറി ഇ.കെ.മുരളീധരൻ, ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്‌ണൻ, സെക്രട്ടറി ഹരി വിജയൻ, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സത്യൻ ചേരിക്കവാഴയിൽ, കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ, കൺവീനർ സജിത്ത് നാരായണൻ, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. അനിൽ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.