കോലഞ്ചേരി: നിങ്ങളുടെ വാഹനത്തിനെന്തെങ്കിലും കേസോ പ്രശ്നങ്ങളോ ഉണ്ടോ. നിരത്തിലിറക്കാൻ വരട്ടെ, പിടി വീഴും. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഇന്റർസെപ്റ്റർ ആളു പുലിയാണ്. ഓടിച്ചിട്ട് പിടുത്തമോ വളവിൽ ഒളിഞ്ഞിരിക്കലോ ഒന്നും വേണ്ട, റോഡരുകിൽ ഒതുക്കിയിട്ടാൽ മതി. വാഹനത്തിനു മുകളിലെ കാമറ കണ്ണുകൾ എല്ലാം ഒപ്പിയെടുക്കും. വാഹനത്തിനകത്തുള്ള കമ്പ്യൂട്ടർ, കാമറ ദൃശ്യങ്ങൾ സെക്കന്റുകൾക്കകം വിശകലനം ചെയ്യും. വിശദാംശങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും. കുറ്റ കൃത്യത്തിന്റെ വിശദാംശങ്ങളടങ്ങിയ പ്രിന്റും നിമിഷ നേരത്തിനകം ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തും.
വാഹനത്തിലുള്ള ഉപകരണങ്ങൾ
ലേസർ ബേസ്ഡ് സ്പീഡ് റഡാർ: ലേസർ ഉപയോഗിച്ച് കൃത്യമായി വേഗം കണ്ടെത്തുന്നു.
സൗണ്ട് ലെവൽ മീറ്റർ : വാഹനങ്ങളുടെ ശബ്ദത്തിന്റെയും ഹോണിന്റെ തീവ്രത അറിയാം.
ലക്സ്മീറ്റർ : വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശ തീവ്രത അളക്കുന്നു.
ആൽക്കോ മീറ്റർ: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കഴിയും.
ടിന്റഡ് മീറ്റർ : ഗ്ലാസിന്റെ സുതാര്യത അളക്കുന്നു.
വാഹനം നിർത്തി പരിശോധിക്കാതെ തന്നെ ഇൻഷ്വറൻസ്, ഫിറ്റ്നസ്, പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി, എന്നിവ കണ്ടെത്തി ഉടമയ്ക്ക് നോട്ടീസ് നല്കാനും കഴിയും.
ഇന്റർസെപ്റ്റർ ആർ.ടി ഓഫിസിലെ സർവറുമായി നിരന്തരം ബന്ധത്തിലാകും. നിയമ ലംഘനം രേഖപ്പെടുത്തി ഫോട്ടോ സഹിതം ഉടമയുടെ വിലാസത്തിൽ അയയ്ക്കും. മൊബൈൽ ഫോണിലും നിയമലംഘന വിവരം നൽകും.
വേഗപരിശോധന മാത്രമാണ് നേരത്തെ മോട്ടർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങളിൽ ചെയ്യാൻ സാധിച്ചിരുന്നത്.
ഇത്രയും സൗകര്യമുളള ഇന്റർസെപ്റ്റർ ഇതാദ്യമായാണ് മോട്ടോർ വാഹന വകുപ്പിനു ലഭിക്കുന്നത്. വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനും ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയമ ലംഘനം കണ്ടെത്താനും ഇതുവഴി കഴിയും.
• ഓരോ ജില്ലകൾക്കും സംസ്ഥാനത്തെ മൂന്ന് റൂറൽ പൊലീസ് ജില്ലയ്ക്കുമാണ് 17 വാഹനങ്ങൾ.
• ഉപകരണങ്ങൾ അടക്കം ഒരു വാഹനത്തിനു 25 ലക്ഷം രൂപയാണ് ചിലവ്