കൊച്ചി : ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. അന്ന് 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ത്യയുടെ മനുഷ്യഭൂപടം ഒരുക്കുമെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചങ്കുറപ്പോടെ ഭാരതം, ഒരുക്കാം ഒരുമയുടെ ഭൂപടം എന്നാണ് പ്രചാരണ മുദ്രാവാക്യം.

വൈകിട്ട് അഞ്ചിനാണ് മനുഷ്യഭൂപടം ഒരുക്കുക. ഗാന്ധിജി വെടിയേറ്റു മരിച്ച 5.17-ന് ചടങ്ങിൽ പങ്കെടുക്കുന്നവർ സത്യവാചകം ഏറ്റുചൊല്ലും. പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇതിനു മുന്നോടിയായി 20 നു മുമ്പ് നിയോജകമണ്ഡലം, മണ്ഡലം തലങ്ങളിൽ ഭരണഘടനാ സംരക്ഷണ സമിതികൾക്ക് രൂപം നൽകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.