കൊച്ചി : മതേതര ഇന്ത്യയിൽ ജീവിക്കാൻ പ്രയാസമുള്ളവർ രാജ്യം വിട്ടുപോകണമെന്നു ഡി.എം.കെ നേതാവും കവയത്രിയുമായ കനിമൊഴി എം.പി. ഇത് ഇന്ത്യയാണെന്ന് അമിത് ഷായും കൂട്ടരും ഓർക്കണം. ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ടി.വിക്കു മുന്നിലിരുന്ന് അഭിപ്രായം പറയാതെ മൗനം വെടിഞ്ഞ് സ്ത്രീകളടക്കമുള്ളവർ തെരുവിലേക്കിറങ്ങണമെന്നും അവർ പറഞ്ഞു.

മുസ്ളീം എജ്യൂക്കേഷണൽ സൊസെെറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഭരണ സംവിധാനവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ എറണാകുളം ടൗൺഹാളിൽ നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എന്തിന് ധൃതി പിടിച്ച് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നുവെന്ന് ബി.ജെ,പി വ്യക്തമാക്കണം.

പാർലമെൻറിൽ ചർച്ചചെയ്യാൻപോലും ആവശ്യത്തിന് സമയം നൽകിയില്ല. രാത്രി 10.30 നാണ് ലോക്സഭ നിയമം പാസാക്കിയത്.

പിറ്റേ ദിവസം രാജ്യസഭയിലും പാസാക്കി. എ.ഐ.എ.ഡി.എം.കെ എതിർത്ത് വോട്ടു ചെയ്തിരുന്നുവെങ്കിൽ ബിൽ പരാജയപ്പെട്ടേനെ. തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ മന്ത്രിസഭ ബി.ജെ.പിയുടെ നിഴൽ മന്ത്രിസഭ മാത്രമാണ്. പ്രതിഷേധ സമരം നടത്താൻപോലും അവിടെ സർക്കാർ അനുമതി നൽകുന്നില്ല.

മുത്തലാക്ക് ദുരുപയോഗം ചെയ്യാതിരിക്കാൻ സംവിധാനം ഒരുക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ ജാമ്യം ലഭിക്കാത്ത ക്രിമിനൽ കുറ്റമാക്കി. ഡി.എം.കെ.അതിനെ എതിർത്ത് വോട്ട് ചെയ്തു. എന്തുകൊണ്ട് മറ്റു മതങ്ങളിലെ സ്ത്രീകളെ സംരക്ഷിക്കാൻ ഇവർ നിയമം കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കണം.

ഒറ്റ ദിവസ oകൊണ്ട് കാശ്മീറിനെ ഷാ രണ്ടാക്കി. കാവി വൽക്കരണമാണ് രാജ്യത്തെങ്ങും സംഘപരിവാറും സംഘവും നടത്തുന്നത്. വേണ്ടിവന്നാൽ ഗാന്ധിജിയെപ്പോലും അവർ കാവി പുതപ്പിക്കും.തിരുക്കുറളിനെപ്പോലും കാവി പുതപ്പിക്കുകയാണവർ. മാദ്ധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതും അധികം താമസിയാതെ കാണേണ്ടിവരുമെന്നും അവർ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിൽ എവിടേയും പ്രതിഷേധിക്കാൻ കഴിയുന്നത് ഇവിടത്തെ സർക്കാരിന്റെ ചങ്കുറപ്പിനെയാണ് തുറന്നു കാട്ടുന്നതെന്നും അവർ പറഞ്ഞു.

എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ് എം എൽ .എ.മുഖ്യ പ്രഭാഷണം നടത്തി. ലാലി വിൻസന്റ് , ഗീതാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.