പറവൂർ : കരുമാല്ലൂർ പഞ്ചായത്തിലെ ആനച്ചാൽപുഴയിൽ തെളിനീരിനായ് പുഴനടത്തം. ഇനി ഞാൻ ഒഴുകട്ടെ എന്ന സംസ്ഥാന ഹരിതകേരളം മിഷൻ കാമ്പയിന്റെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ എറ്റവും മലിനമായതും നീരൊഴുക്ക് നിലച്ചതുമായ ആനച്ചാൽ പുഴയിൽ നീർത്തടനടത്തം നാളെ (ഞായർ) രാവിലെ ഒമ്പതിന് മാഞ്ഞാലി മാവിൻചുവട്ടിൽ നിന്നാരംഭിക്കും.
പെരിയാറും വേമ്പനാട്ടുകായലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുഴയെ വിശേഷിപ്പിക്കുന്നത് തുകലൻ കുത്തിയതോടെന്നാണ്. പണ്ട് രാജഭരണകാലത്ത് കൊച്ചി രാജവംശം പാലിയം കൊട്ടാരവുമായി ബന്ധപ്പെടുന്നതിനായാണ് തോട് നിർമിച്ചതെന്നാണ് ഐതിഹ്യം. കാലക്രമേണ കൈയേറ്റവും മറ്റും മൂലം തോട് ചുരുങ്ങുകയും മലിനമാക്കപ്പെടുകയും ചെയ്തു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയകമ്മിറ്റി രൂപികരിച്ച് ഈ മാസം അവസാനത്തോടെ
ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിലെ തോടിന്റെ അവസ്ഥയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് മനസിലാക്കുന്നതിനും ഭാവിയിൽ നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് നീർത്തടനടത്തം. മാവിൻ ചുവടിൽ നിന്നാരംഭിക്കുന്ന നടത്തത്തിൽ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും പങ്കെടുക്കും.