മരടിൽ മലിനീകരണ നിയന്ത്രണ ബോർഡ്
ഇന്ന് വീണ്ടും പരിശോധന
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിന്ന സ്ഥലത്ത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മിന്നൽ പരിശോധന. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും പരിസരവാസികളിൽ നിന്ന് ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
മലിനീകരണം കുറയ്ക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ കമ്പനിയ്ക്കും മരട് നഗരസഭയ്ക്കും നൽകിയ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയ്ക്കായി ഇന്നും മരട് സന്ദർശിക്കും.
പൂർണമായി പൊളിഞ്ഞുവീഴാത്ത ചില പാളികളും ബീമുകളും പാറമടകളിൽ ഉപയോഗിക്കുന്ന ബ്രേക്കർ, ജെ.സി.ബി പോലുള്ള യന്ത്രങ്ങളുപയോഗിച്ചാണ് നീക്കുന്നത്. ഇതിൽ നിന്ന് ശബ്ദമലിനീകരണം നിർദ്ദേശിച്ചതിലും കൂടുതലാണ്. ആൽഫ സെറീൻ ഫ്ലാറ്റുകൾക്ക് തൊട്ടടുത്ത് താമസിക്കുന്ന ചിലരെ മാറ്റിത്താമസിപ്പിച്ചാണ് നീക്കം ചെയ്യുന്നതെന്ന് കോൺട്രാക്ടർമാർ ബോർഡിനെ അറിയിച്ചിട്ടുണ്ട്.
മാലിന്യനീക്കത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചുമുള്ള നഗരസഭയിൽ നിന്നുള്ള മറുപടി ഇതുവരെ മലിനീകരണ നിയന്ത്രണ ബോർഡിന് ലഭിച്ചിട്ടില്ല. കെട്ടിടാവശിഷ്ടം നീക്കം ചെയ്യാൻ കരാറെടുത്ത ആൾക്ക് ഇതേച്ചൊല്ലി ആശയക്കുഴപ്പം ഉള്ളതായും ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ആക്ഷൻ പ്ലാൻ
1. മഴയ്ക്ക് തുല്യമായി കെട്ടിടാവശിഷ്ടങ്ങൾ നനയ്ക്കണം
2. പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി സി.സി.ടി.വി സ്ഥാപിക്കണം
3. അന്തരീക്ഷ വായു സൂക്ഷ്മമായി നിരീക്ഷിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിക്കും
4. ശബ്ദമലിനീകരണം ഇല്ലെന്ന് ഉറപ്പാക്കാൻ പരിശോധന.
5. കെട്ടിടാവശിഷ്ടങ്ങൾ ലോറികൾ ഷീറ്റിട്ട് മൂടിക്കൊണ്ടു പോകണം
6. ഹൈവേ വരെയുള്ള റോഡുകൾ നിശ്ചിതസമയങ്ങളിൽ നനക്കണം
7. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അടിയന്തരമായി പദ്ധതി വേണം. സംഭരണ കേന്ദ്രം കണ്ടെത്തണം.
8. 2016ലെ കെട്ടിട നിർമ്മാണ-പൊളിക്കൽ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള ചട്ടമനുസരിച്ചായിരിക്കണം അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടത്.
'കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്ന കമ്പനിയെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് നിർദ്ദേശങ്ങൾ നൽകും. അവശിഷ്ടം പൊടിച്ച് എംസാൻഡ് ആക്കുന്ന യന്ത്രം സ്ഥാപിക്കുന്നതിന് മുമ്പ് ബോർഡിന്റെ അനുമതി നേടാനുണ്ട്. പൊടിയാക്കുന്നതിലൂടെ കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതിരിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.'
ബി.എ ബിജു
ചീഫ് എൺവയോൺമെന്റൽ എൻജിനീയർ
മലിനീകരണ നിയന്ത്രണ ബോർഡ്