പറവൂർ : പരിശുദ്ധ മാതാവിന്റെ അപൂർവശില്പമൊരുക്കി വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് കപ്പിത്താൻപറമ്പിൽ ക്ലീറ്റസ്. ഇത് കൊത്തൊലെൻഗോ സഭയുടെ നിലമ്പൂരിലെ ഹൗസിൽ അടുത്തമാസം സ്ഥാപിക്കും. സഭയുടെ ഇറ്റലിയിലെ ആസ്ഥാനത്തുള്ള പ്രത്യേക രൂപമാണിത്. ഉണ്ണീശോയെ കൈയിൽ വഹിച്ചുകൊണ്ടു നിൽക്കുന്ന മാതാവിന്റെ മൂന്നരയടിയുള്ള രൂപം സിമന്റിൽ ഇരുപത് ദിവസം കൊണ്ട് ക്ലീറ്റസ് പൂർത്തിയാക്കി. എടവനക്കാട് സ്വദേശിയായ ക്ലീറ്റസ് അണ്ടിപ്പിള്ളിക്കാവിലാണ് താമസം.
സുഹൃത്തിന്റെ ചിത്രരചന കണ്ട് പന്ത്രണ്ടാമത്തെ വയസിൽ വരച്ചുതുടങ്ങിയ ക്ലീറ്റസ് പിന്നീട് ശില്പകലയിലേക്ക് തിരിയുകയായിരുന്നു. എണ്ണൂറിലേറെ ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ്മാരകത്തിലുള്ള മിശ്രഭോജനത്തിന്റെ ശില്പമതിൽ, പൊൻകുന്നം ഹോളി ഫാമിലി പള്ളിയിലെ ശില്പം, പിറവം സെന്റ് ജോൺ പള്ളിയിലെ ശില്പം, അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിലെ ശിവപാർവതിമാർ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ശ്രീനാരായണ ഗുരുവിന്റെ 170 ശില്പങ്ങൾ ശിവഗിരിയിലേക്ക് നിർമിച്ചു നൽകിയിട്ടുണ്ട്. റോം അടക്കം മറ്റു പല രാജ്യങ്ങളിലും ക്ലീറ്റസ് ചെയ്ത ശില്പങ്ങളുണ്ട്.