• കുട്ടികൾക്കെതിരായ അതിക്രമം തടയൽ ലക്ഷ്യം
കോലഞ്ചേരി: കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെ 'മാലാഖ' പദ്ധതി വരുന്നു.
രക്ഷകർത്താക്കൾ, അദ്ധ്യാപകർ, ബന്ധുക്കൾ, പൊലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് ബോധവത്കരണമാണ് ഉദ്ദേശം. രണ്ടര മാസമാണ് കാലയളവ്.
മാർച്ച് 31 വരെ നീളും. ജില്ലാ പൊലീസ് മേധാവികൾക്കാണ് മേൽനോട്ട ചുമതല.
'വാവ എക്‌സ് പ്രസ്' എന്ന പ്രചാരണ വാഹനം സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നുണ്ട്.ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവു നാടകങ്ങൾ, മണൽചിത്രരചന, ചലച്ചിത്ര, ടെലിവിഷൻ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികൾ, പൊലീസ് ബാന്റ്/കുതിര പൊലീസ് എന്നിവരുൾപ്പെട്ട പൊതുപരിപാടികൾ, പൊലീസിലെ കലാകാരൻമാരുടെ പ്രകടനങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഘോഷയാത്രകൾ, പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിങ്ങനെ വിവിധ മാർഗങ്ങളും മാലാഖയിലുണ്ട്. ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങൾ എത്തിക്കും. ബീറ്റ് ഓഫീസർമാർ വഴി പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണവും ലഭ്യമാക്കും.