കൊച്ചി: കോന്തുരുത്തി പുഴയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടിയിലും പറയുന്ന കണക്കിലും വ്യക്തതയില്ല, ജനുവരി 27 ന് കൊച്ചി നഗരസഭാ സെക്രട്ടറി ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. 48 മീറ്റർ വീതിയിൽ ഒഴുകിയിരുന്ന കോന്തുരുത്തി പുഴ കൈയേറ്റത്തെ തുടർന്ന് വീതി കുറഞ്ഞെന്നും പുഴ പൂർവസ്ഥിതിയിലാക്കണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസിയായ കെ.ജെ. ടോമി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

നഗരസഭാ സെക്രട്ടറി ഇൗ വിഷയത്തിൽ സമർപ്പിച്ച വിശദീകരണ പത്രിക തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. കോന്തുരുത്തി പുഴയിലെ കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭ നടപടിയെടുത്തില്ലെന്നും ഇവിടെ വീടുള്ള 42 കുടുംബങ്ങളുടെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും ജനുവരി ആറിന് റവന്യു വകുപ്പ് അഡി. സെക്രട്ടറി വിശദീകരണംനൽകി​. ഇതിന്റെ രേഖകൾ റവന്യു വകുപ്പ് ഹാജരാക്കണം. കൈയേറ്റം ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നും കർമ്മപദ്ധതി സംബന്ധിച്ച രേഖകൾ ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. കോന്തുരുത്തിപുഴ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടിക്ക് നഗരസഭ ഡിസംബർ 13 ന് യോഗം വിളിച്ചിരുന്നു. യോഗ തീരുമാനങ്ങൾ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

 തീരുമാനങ്ങൾ

സ്ഥലം ലഭ്യമാകുന്ന മേഖലകളിൽ പുഴയുടെ വീതി പരമാവധി കൂട്ടണം.

നീരൊഴുക്ക് സുഗമമാക്കാൻ വീതി പരമാവധി 16 മീറ്ററാക്കണം.

കർമ്മ പദ്ധതി തയ്യാറാക്കി ഹൈക്കോടതിക്ക് സമർപ്പിക്കണം.

ഇതിനു രണ്ടു മാസവും നടപ്പാക്കാൻ ആറു മാസവും സമയം തേടണം.

ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം.

പുഴയ്ക്കു കുറുകേയുള്ള റോഡ് പൊളിച്ചു പാലം നിർമ്മിക്കണം.

വെള്ളക്കെട്ട് ഒഴിവാക്കാൻ എൻജിനീയറിംഗ് വിഭാഗത്തോടു റിപ്പോർട്ട് തേടണം.

ഒഴിപ്പിക്കപ്പെട്ടവരെ പുന:രധിവസിപ്പിക്കണം.

ഫണ്ട് നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണം.

 ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

കളക്ടർ നൽകിയ റിപ്പോർട്ടിൽ പുഴയുടെ വീതി 48 മീറ്ററാണെന്ന് പറയുന്നു.

29 മീറ്ററായി പുതുക്കി നിശ്ചയിക്കാമെന്നും പറയുന്നുണ്ട്.

നഗരസഭയിൽ വന്നപ്പോൾ പുഴയുടെ വീതി 29 മീറ്ററിൽ നിന്ന് 16 മീറ്ററായതെങ്ങനെ ?

സത്യവാങ്മൂലം നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെങ്കിലും അതുണ്ടായില്ല.

സ്റ്റേറ്റ്മെന്റിൽ അനുബന്ധ രേഖകളില്ല.

സ്വീകരിച്ച നടപടികളും ഇതിന്റെ ഫലവും പറയുന്നില്ല.

 കണക്കുകൾ ചേരുന്നില്ലെന്ന് ഹൈക്കോടതി

കളകടറുടെ റിപ്പോർട്ടിൽ 178 കുടുംബങ്ങൾ കൈയേറിയിട്ടുണ്ട്. ഇതിൽ 165 പേർക്ക് കൈവശാവകാശ രേഖ നൽകിയിട്ടുണ്ടെന്നും പറയുന്നു. റവന്യു വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. കണക്കിലെ ഇൗ വ്യത്യാസം ബന്ധപ്പെട്ട ഏജൻസികൾ തമ്മിൽ കോ ഒാർഡിനേഷൻ ഇല്ലെന്നാണ് കാണിക്കുന്നത്. കൈയേറ്റക്കാരെ പുനരധിവസിപ്പിക്കാനായിരുന്നു തീരുമാനമെങ്കിൽ സർക്കാർ അതിനു നടപടിയെടുക്കണമായിരുന്നു. പക്ഷേ 2012 മുതൽ ഇതുവരെ പുഴയുടെ അതിർത്തിയിൽ കല്ലു പാകാൻ നാലു ലക്ഷം രൂപ അനുവദിച്ചതല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല.

 റവന്യു റിപ്പോർട്ടിൽ നിന്ന്

കോളനി ഭാഗത്ത് പുഴയുടെ വീതി 5 - 15 മീറ്റർ വരെ മാത്രമാണ് വീതിയുള്ളത്.

35 വർഷമായി പുഴ സംരക്ഷിക്കാനോ കൈയേറ്റം ഒഴിപ്പിക്കാനോ നഗരസഭ നടപടിയെടുത്തിട്ടില്ല.

പല വീടുകളും പുഴയിലാണ് നിർമ്മിച്ചിട്ടുള്ളത്.

ഇൗ ഭൂമി പതിച്ചു നൽകിയാൽ പുഴ ഇല്ലാതാകും.

പുഴ പുറമ്പോക്കിൽ കൈയേറി താമസിക്കുന്നത് 42 കുടുംബങ്ങൾ.

ഇവരെ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി പുന:രധിവസിപ്പിക്കണം.