highcourt
highcourt

കൊച്ചി: പൊതുറോഡുകളിലും നടപ്പാതകളിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാരിനും പൊലീസ് - മോട്ടോർ വാഹന വകുപ്പ് അധികൃതർക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. നടപ്പാതകൾ വാഹനങ്ങൾ പാർക്ക് ചെയ്യാനും കടകളിലെ സാധനങ്ങൾ ഇറക്കിവെക്കാനും ഉള്ളതല്ല.

ഇത്തരം സാഹചര്യങ്ങളിൽ കാൽനടയാത്രക്കാരും അംഗപരിമിതരുമൊക്കെ പൊതു റോഡിലേക്കിറങ്ങി നടക്കാൻ നിർബന്ധിതരാകും. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

കാഞ്ഞങ്ങാട് - കാസർകോട് റൂട്ടിലെ ഉദുമ ജംഗ്ഷനിൽ ഡി.വൈ.എഫ്. ഐ പ്രവർത്തകർ സ്ഥാപിച്ച ബസ് ഷെൽട്ടർ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനയുടെ ഉദുമ ബ്ളോക്ക് സെക്രട്ടറി എ.വി. ശിവപ്രസാദ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇടക്കാലവിധിയിൽ പറഞ്ഞത്

• കാൽനട യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ബാദ്ധ്യതയുണ്ട്. തടസങ്ങൾ ഒഴിവാക്കി നടപടിയെടുക്കേണ്ടത് ഇവരുടെ കടമയാണ്.

• കൈയേറിയും മറ കെട്ടിത്തിരിച്ചും നടപ്പാതകളിൽ തടസമുണ്ടാക്കാൻ അനുവദിക്കരുതെന്ന് കേരള മുനിസിപ്പൽ ആക്ടിൽ വ്യവസ്ഥയുണ്ട്.

• 2012 ലെ ഇന്ത്യൻ റോഡ് കോൺഗ്രസിൽ പ്രഖ്യാപിച്ച മാർഗരേഖ അനുസരിച്ച് കാൽനടയാത്രക്കാരെ വാഹനങ്ങളിൽ പോകുന്നവരും പരിഗണിക്കണം.

• നടപ്പാതകളിലെ താല്കാലിക കൈയേറ്റം പോലും അനുവദിക്കരുത്.