കൊച്ചി : മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന സ്ഫോടനത്തിൽ തങ്ങളുടെ കെട്ടിടങ്ങൾക്ക് നാശം ഉണ്ടായാൽ മതിയായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സമീപവാസികളായ നൂറോളം പേരും ഹീര കൺസ്ട്രക്ഷൻ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. അനധികൃതമായി മരടിൽ നിർമ്മിച്ച നാലു ഫ്ളാറ്റുകളും പൊളിച്ചു കളഞ്ഞെന്നും സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം ഉണ്ടായില്ലെന്നും സർക്കാർ വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹർജികൾ തീർപ്പാക്കിയത്.

സ്ഫോടനം നടത്തി ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുമ്പ് സമീപത്തെ തങ്ങളുടെ വീടുകളുടെ മൂല്യ നിർണയം നടത്തണമെന്നായിരുന്നു സമീപവാസികളുടെ. ഗോൾഡൻ കായലോരം ഫ്ളാറ്റിനോടു ചേർന്നുള്ള തങ്ങളുടെ ഫ്ളാറ്റിന് നാശമുണ്ടായാൽ മതിയായ നഷ്ടപരിഹാരം നൽകാൻ 125 കോടി രൂപയുടെ ഇൻഷ്വറൻസ് എടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹീരയുടെ ആവശ്യം. നാശനഷ്ടമൊന്നും ഉണ്ടായില്ലെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും ചില പ്രശ്നങ്ങളുണ്ടെന്നാണ് ഹർജിക്കാർ വാദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയടക്കമുള്ള അധികൃതരെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.