കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനെയും താഹയെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സംഘം നൽകിയ അപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജനുവരി 21 ന് വിധി പറയാൻ മാറ്റി.

ഇവർ നിരപരാധികളാണെന്നും എതിരെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിർത്തു. നിരപരാധികളാണെങ്കിൽ അക്കാര്യം സ്ഥിരീകരിക്കാനും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻ.ഐ.എയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.

ജനുവരി 20 മുതൽ ഏഴു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചത്. നവംബർ ഒന്നിന് രാത്രിയിലാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകളടക്കമുള്ളവ പിടിച്ചെടുത്തതോടെ ഇവർക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റവും ചുമത്തി. തുടർന്നാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ഇവരെ കോടതിയിലെത്തിച്ചപ്പോൾ തങ്ങൾ സി.പി.എം പ്രവർത്തകരാണെന്നും മാവോയിസ്റ്റുകളാണെന്നതിന് മുഖ്യമന്ത്രി തെളിവു നൽകണമെന്നും ഇവർ മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നെങ്കിലും പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചിരുന്നു.