bjp
ബി.ജെ.പി മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഡിവിഷണൽ ഓഫീസറെ ഉപരോധിക്കുന്നു

ആലുവ: നഗരത്തിൽ കേന്ദ്രാവിഷ്‌കൃത ഫണ്ട് ഉപയോഗിച്ച് കെ.എസ്.ഇ.ബി അണ്ടർ ഗ്രൗണ്ട് കേബിൾ വലിക്കുന്ന പദ്ധതി വകുപ്പുകളുടെ ഏകോപനമില്ലായ്മയെ തുടർന്ന് ജനദ്രോഹകരമായെന്നാരോപിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഡിവിഷണൽ ഓഫീസറെ ഉപരോധിച്ചു. 25ന് മുമ്പ് പദ്ധതി പൂർത്തിയാക്കാമെന്നും റോഡുകൾ പൂർവ സ്ഥിതിയാക്കുമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിട്ടി, നഗരസഭ തുടങ്ങിയ വകുപ്പ് മേധാവികളുടെ സംയുക്തയോഗം ചേർന്ന് ഏകോപനത്തോടെ വേണമായിരുന്നു പദ്ധതി നടപ്പാക്കാൻ. ഇക്കാര്യത്തിൽ വീഴ്ച്ച സംഭവിച്ചതിനാൽ മൂന്നാഴ്ച കൊണ്ട് തീർക്കേണ്ട പദ്ധതി മാസങ്ങൾ പിന്നിട്ടിട്ടും പാതിവഴിയിലാണ്. നഗരത്തിലെ തിരക്കേറിയ പല പ്രധാന ജംഗ്ഷനുകളിലും ഇടറോഡുകളിലും മാസങ്ങളായി ഗതാഗതക്കുരുക്കാണ്. ഭൂഗർഭ പൈപ്പുകൾ തകർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം കുടിവെള്ളം ലഭിക്കാത്ത സാഹചര്യവുമുണ്ടായി.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ടൗൺ കമ്മിറ്റി പ്രസിഡന്റ ആർ. സതീഷ്‌കുമാർ, എ.സി. സന്തോഷ്‌കുമാർ, ജോയി വർഗീസ്, രമണൻ ചോലക്കുന്ന്, എബി ജോസ്, ഒ.സി. കുട്ടൻ, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.