കൊച്ചി : പരാതിയുണ്ടെന്ന പേരിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമപരമല്ലാത്ത ലൈസൻസ് വ്യവസ്ഥകൾ ഉൾപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രവർത്തന സമയം വൈകിട്ട് ആറു വരെയാക്കി നിജപ്പെടുത്തണമെന്ന വ്യവസ്ഥ തങ്ങളുടെ ലൈസൻസിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിനെതിരെ ബ്രാൻഡ്സ്റ്റോം ഇവന്റ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തുടർച്ചയായ ശബ്ദമലിനീകരണവും ഇടയ്ക്കിടെ ലോറികൾ വന്നു പോകുന്നതും ശല്യമാണെന്ന പരിസരവാസികളുടെ പരാതിയെത്തുടർന്ന് കമ്പനിയുടെ ലൈസൻസ് വ്യവസ്ഥയിൽ വൈകിട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന വ്യവസ്ഥ പഞ്ചായത്ത് ഉൾപ്പെടുത്തിയിരുന്നു. ഇതു നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതു ശരിവച്ച ഹൈക്കോടതി നിയമവിരുദ്ധമായ വ്യവസ്ഥ റദ്ദാക്കി. മലിനീകരണ പ്രശ്നമുണ്ടെന്നു പരാതിയുണ്ടെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് റിപ്പോർട്ട് തേടി ഇതനുസരിച്ച് നിയമപരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. മറിച്ച് സ്വന്തം നിലയ്ക്ക് പഞ്ചായത്തിന് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പരിസരവാസികളുടെ പരാതിയെത്തുടർന്ന് കമ്പനിയുമായി പഞ്ചായത്തംഗങ്ങളിൽ ചിലരുണ്ടാക്കിയ കരാറനുസരിച്ചാണ് വൈകിട്ട് ആറുവരെയായി പ്രവർത്തനം നിജപ്പെടുത്തിയതെന്ന് പഞ്ചായത്ത് അധികൃതർ വാദിച്ചു. പരാതി ശരിയാണോ എന്നു പരിശോധിക്കാതെ നിയമത്തിന്റെ പിൻബലമില്ലാത്ത കരാർ ഉണ്ടാക്കിയത് ശരിയായില്ല. നാട്ടുകാരുടെ പരാതി ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ കേരള പഞ്ചായത്തിരാജ് ആക്ടിലെ വിപുലമായ വ്യവസ്ഥകൾ എന്തിനാണെന്നും ഹൈക്കോടതി വിമർശിച്ചു.