ആലുവ: ആലുവ - മൂന്നാർ റോഡ് നാലുവരിപ്പാതയാക്കാനുള്ള കിഫ്ബി പദ്ധതി ഉടൻ നടക്കാനുള്ള സാദ്ധ്യത മങ്ങുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബന്ധപ്പെട്ട മേഖലയിലെ എം.എൽ.എ മാരുടെ യോഗം വിളിച്ചുചേർക്കുകയും നവംബറിൽ ഡ്രോൺ സർവേ നടത്തിയെങ്കിലും കിഫ്ബി അംഗീകാരം നൽകിയിട്ടില്ലെന്ന് വിവരകാവകാശ രേഖ.
ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി നൽകിയ അപേക്ഷയിലാണ് ഇ വിവരം കിഫ്ബി ഔദ്യോഗികമായി അറിയിച്ചത്.
ആലുവ - പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിന്റെയും ആലുവ - മൂന്നാർ റോഡിന്റെയും വികസന പ്രവർത്തനങ്ങളുടെ അവലോകനം മാത്രമേ നടത്തിയിട്ടുള്ളൂവെന്നാണ് കിഫ്ബിയുടെ നിലപാട്. പദ്ധതികളുമായി ബന്ധപ്പെട്ട എം.എൽ.എമാരുമായി നടത്തിയ യോഗത്തിൽ മേൽ പദ്ധതികളിൽ ബാധിക്കുന്ന കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കേണ്ട സ്ഥലങ്ങളും മനസിലാക്കുന്നതിനാണ് സർവേ നടത്തിയതെന്നാണ് കിഫ്ബിയിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറും ജോയിന്റ് ഫണ്ട് മാനേജരുമായ ആനി ജൂലി തോമസ് അറിയിച്ചത്.
ഒക്‌ടോബർ 14ന് ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ കിഫ്ബിയുടെ ഗവേർണിംഗ് ബോഡി നവംബറിൽ ചേരുമെന്നും പദ്ധതി പ്രഖ്യാപിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ഡ്രോൺ സർവേ നടന്നതിന് പിന്നാലെ ആലുവ ചൂണ്ടി മേഖലയിൽ വ്യാപാരികൾ പ്രത്യേകയോഗം ചേർന്ന് ആശങ്ക അറിയിച്ചിരുന്നു.