കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ മുല്ലയ്ക്കൽ കളത്തിൽ വീട്ടിൽ കണ്ണൻ ( മിലിട്ടറി കണ്ണൻ 39) അറസ്റ്റിലായി. വാഹനമോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 19 ന് എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തിൽ ഷോപ്പിംഗിനെത്തിയ ആൾ സ്കൂട്ടർ പാർക്ക് ചെയ്ത് കടയുടെ ഉള്ളിലേക്ക് പോയ സമയത്ത് പ്രതി വാഹനം മോഷ്ടിച്ചുകടക്കുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതിയുടെ ചിത്രം സിസി ടിവി കാമറയിൽ പതിഞ്ഞത് പൊലീസിനു ലഭിച്ചു. അതിൽനിന്നാണ് ഇത് മോഷ്ടാവ് മിലിട്ടറ്റി കണ്ണൻ ആണെന്ന് തിരിച്ചറിഞ്ഞത്. പ്രതി എറണാകുളത്ത് വന്നു പോകാറുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് സെൻട്രൽ സ്റ്റേഷൻ എസ്.ഐ എസ്. വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ എറണാകുളത്തെത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐ വേണുഗോപാൽ, സീനിയർ സി.പി.ഒ മാരായ ഫ്രാൻസിസ്, രഞ്ജിത്ത്, സി.പി.ഒ മാരായ ഇസഹാക്ക്, ഇഗ്‌നേഷ്യസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.