കൊച്ചി : സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതിനാൽ പശ്ചിമകൊച്ചിയിലെ യാത്രക്കാർ ദുരിതത്തിൽ. വൈകിട്ട് ഏഴു കഴിഞ്ഞാൽ ഫോർട്ടുകൊച്ചി- മട്ടാഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ തോപ്പുംപ്പടിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നുവെന്നാണ് പരാതി.ടിക്കറ്റ് എടുത്തവരെ ജീവനക്കാർ മറ്റു ബസുകളിൽ കയറ്റിവിടും. തിരക്കുള്ള സമയങ്ങളിൽ 15-20 മിനിറ്റ് ഇടവേളയിൽ ട്രിപ്പുള്ള ഈ ഭാഗത്ത് ഇപ്പോൾ സന്ധ്യ കഴിഞ്ഞ് ഒരു ബസിൽ കയറിപ്പണമെങ്കിൽ മുക്കാൽ മണിക്കൂർ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വരുന്ന ബസുകളിലാകട്ടെ വാതിൽപ്പടി വരെ ആളുണ്ടാവും. പോക്കറ്റടി ശല്യമാണ് തിരക്കുള്ള ബസുകളിലെ മറ്റൊരു ഭീഷണി. ബസുകളുടെ തോന്നുംപടി സർവീസ് മൂലം എറണാകുളത്തെ വ്യാപാരസ്ഥാപനങ്ങളിൽ പണിയെടുക്കുന്ന വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ജോലി കഴിഞ്ഞ് രാത്രി വീടെത്താൻ കഷ്ടപ്പെടുകയാണ്.

ഫോർട്ടുകൊച്ചിയിൽ നിന്ന് ആലുവയിലേക്കുള്ള അവസാന ബസ് രാത്രി പത്തിനാണ്. അതേസമയം രാത്രി 9 കഴിഞ്ഞാൽ നഗരത്തിൽ നിന്ന് പശ്ചിമ കൊച്ചിയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് അവസാനിക്കും.

# ബോട്ടിലും രക്ഷയില്ല

മട്ടാഞ്ചേരിയിലേക്കുള്ള ബോട്ട് സർവീസ് നിലച്ചിട്ട് കാലങ്ങളായി. ആ വഴിക്കും രക്ഷയില്ല. ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയിൽ നിന്ന് ചെറളായി, പാണ്ടിക്കുടി തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കണം.

# സ്റ്റോപ്പിൽ നിർത്താനും മടി

പശ്ചിമകൊച്ചി ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. ഇന്നലെ രാവിലെ ഏഴു മണിക്ക് ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനായി ചിരട്ടപ്പാലം സ്റ്റോപ്പിൽ നിന്ന് മൂന്നു ബസുകൾക്ക് കൈ കാട്ടിയിട്ടും ഒരെണ്ണം പോലും നിർത്തിയില്ലെന്ന് ബി.ജെ.പി.ഒ.ബി.സി. മോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി.കെ.വിശ്വനാഥൻ പറഞ്ഞു. തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്താൻ നാലാമത്തെ ബസ് തുണച്ചു. ബസുകൾ സർവീസ് പാതി വഴിയിൽ അവസാനിപ്പിക്കുന്നതു കൊണ്ടും സ്റ്റോപ്പുകളിൽ നിറുത്താത്തതിനാലും യാത്രക്കാർ ദുരിതമനുഭവിക്കുകയാണ് .ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിശ്വനാഥൻ പറഞ്ഞു:

# പെട്രോൾ പമ്പുകൾ

അടയ്ക്കുന്നു

ഫോർട്ടുകൊച്ചിയിൽ രാത്രി ചുറ്റാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. വാഹനത്തിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ പെട്ടതുതന്നെ. തോപ്പുംപടിക്കും ഫോർട്ടുകൊച്ചിക്കുമിടയിൽ എട്ട് പെട്രോൾ പമ്പുകളുണ്ടെങ്കിലും ഒമ്പത് മണി കഴിഞ്ഞാൽ എല്ലാം അടയ്ക്കും. പത്തു വരെ റോ റോ സർവീസുള്ളതിനാൽ ഫോർട്ടുകൊച്ചിയിൽ രാത്രിയിലും വാഹനതിരക്കാണ്. ബീച്ചിലും സന്ദർശകർക്ക് കുറവില്ല. ഇതൊന്നും പരിഗണിക്കാതെ പെട്രോൾ പമ്പുകൾ നേരത്തെ അടയ്ക്കുന്നത്.