marad-
മരടിലെ ഫ്ളാറ്റുകൾ പൊളിച്ച സ്ഥലത്ത് ദേശീയഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷണപിള്ള, മലിനികരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനിയർ എം.എ. ബൈജു തുടങ്ങിയവർ സന്ദർശിക്കുന്നു

കൊച്ചി: തൊട്ടടുത്ത കെട്ടിടങ്ങളെ പോലും നോവിക്കാതെ മരട് ഫ്ലാറ്റുകൾ മണ്ണ് തൊട്ടതിൽ ആശ്വസിച്ച സമീപവാസികൾ കെട്ടിടാ

വശിഷ്ടങ്ങളും പൊടിയും ശബ്ദ മലിനീകരണവും കാരണം വലയുന്നു. ഫ്ളാറ്റുകൾ നിലം പൊത്തി ആഴ്ച ഒന്നായിട്ടും മാലിന്യ നീക്കം തുടങ്ങിയിട്ടില്ല. പരിസരവാസികൾ വീട് മാറി താമസിച്ചിട്ട് ഒരു മാസമായി. അവശിഷ്ടങ്ങൾ മാറ്റാതെ അവർക്ക് മടങ്ങി വരാനാകില്ല.

പാറമടകളിലെ ബ്രേക്കറുകളും ജെ.സി.ബികളും ഉപയോഗിച്ച് കോൺക്രീറ്റ് കമ്പികൾ വേർതിരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കോൺക്രീറ്റ് മാലിന്യം എങ്ങോട്ടുകൊണ്ടു പോകുമെന്ന കാര്യത്തിലും ആശയക്കുഴപ്പമാണ്. കെട്ടിടാവശിഷ്ടം കൈകാര്യം ചെയ്യുന്ന രീതിയിൽ ഹരിത ട്രൈബ്യൂണലിനും മലിനീകരണ നിയന്ത്രണബോർഡിനും അതൃപ്തിയുണ്ട്.

ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസാണ് 35.16 ലക്ഷത്തിന് മാലിന്യനീക്കം കരാറെടുത്തത്. അരൂർ ചന്തിരൂരിലെ യാർഡിലേക്ക് മാറ്റാനുള്ള നീക്കം പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതോടെ ഉപേക്ഷിച്ചു. കുമ്പളത്ത് മറ്റൊരു യാർഡ് വാടകയ്ക്കെടുത്തിട്ടുണ്ടെങ്കിലും മാലിന്യം നേരിട്ട് പട്ടിമറ്റത്തുള്ള ക്രഷറിലെത്തിക്കാനാണ് ആലോചന.

3000 ലോഡ് കെട്ടിടാവശിഷ്ടം എം-സാൻഡ് ആക്കി നൽകാനുള്ള ഓർഡർ കമ്പനി നേടിയിട്ടുണ്ട്. ആകെയുള്ള 76,350 ടണ്ണിൽ 58,000 ടണ്ണും ഇങ്ങിനെയാക്കാം. കെട്ടിടങ്ങളുടെ തറയും റോഡും നിറയ്ക്കാൻ ബാക്കി ഉപയോഗിക്കും.

ദുരിതം നൽകുന്നത്
 വീടുകളും റോഡും കഴുകാമെന്ന വാഗ്ദാനം നടപ്പായില്ല. പൊടിയിൽ മുങ്ങി മരങ്ങൾ

 കമ്പി വേർതിരിക്കുന്നിടത്ത് മാത്രമേ നനയ്ക്കുന്നുള്ളൂ. ജെറ്റ് സ്പ്രിൻക്ലർ ഉപയോഗിക്കുന്നില്ല

 വലിയ പാളി ഇളക്കുന്നത് പാറമടകളിലെ ബ്രേക്കർ ഉപയോഗിച്ച്. ഉയർന്ന ശബ്ദമലിനീകരണം

കെട്ടിടാവശിഷ്ടങ്ങൾക്ക് ചുറ്റും ആവശ്യമായ ഉയരത്തിൽ ബാരിയർ കെട്ടിയിട്ടില്ല

"സബ് കളക്ടർ സ്നേഹിൽകുമാറിന്റെ നേതൃത്വത്തിലാണ് തുടർന്നുള്ള പ്രവർത്തനങ്ങളും നടക്കേണ്ടത്. ചുറ്റുമുള്ളവർക്ക് വീട് കഴുകാൻ ആവശ്യമായ വെള്ളം നൽകിക്കൊണ്ടിരിക്കുന്നു"

ടി.എച്ച് നദീറ, ചെയർപേഴ്സൺ

മരട് നഗരസഭ

"ആൽഫയ്ക്ക് ചുറ്റുമുള്ള ഞങ്ങൾ ആറ് കുടുംബങ്ങൾ ഇപ്പോഴും വാടക വീട്ടിലാണ്. കെട്ടിടാവശിഷ്ടം മാറ്റിയിട്ടേ മടങ്ങാനാകൂ. മൂന്ന് മാസത്തെ വാടകയേ നഗരസഭ തന്നിട്ടുള്ളൂ.

അജിത്ത് കണിയാമ്പിള്ളിൽ,

പരിസരവാസി

"30 അടി പൊക്കത്തിൽ ചുറ്റും ബാരിയർ കെട്ടണമെന്ന നിർദ്ദേശം പാലിച്ചിട്ടില്ല. കെട്ടിടാവശിഷ്ടം എങ്ങോട്ടു കൊണ്ടുപോകുന്നു,​ എന്തു ചെയ്യുന്നു എന്നീ വിവരങ്ങളടങ്ങിയ ആക്‌‌ഷൻ പ്ളാൻ ലഭിച്ചിട്ടില്ല.. "

എം.എ ബൈജു,

ചീഫ് എൺവയൺമെന്റൽ എൻജിനിയർ,

മലിനീകരണ നിയന്ത്രണ ബോർഡ്