ഹൈക്കോടതിയിൽ ട്രയൽ റൺ തുടങ്ങി
കൊച്ചി: കേസുകളുടെ കണക്ക് പൊതുജനത്തിനറിയാൻ കേരള ഹൈക്കോടതിയിലും 'ജസ്റ്റിസ് ക്ളോക്ക്' വരുന്നു. സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീർപ്പായതുമായ കേസുകളുടെ കണക്കുകൾ വലിയ എൽ.ഇ.ഡി ഡിസ്‌പ്ളേ ബോർഡിൽ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് ഹൈക്കോടതി ഭരണ വിഭാഗം. ട്രയൽ റൺ ആരംഭിച്ചു. ഈ മാസം തന്നെ ജസ്റ്റിസ് ക്ളോക്ക് 'ഓടി'ത്തുടങ്ങിയേക്കും. കേസിന്റെ എന്തെല്ലാം വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല,.
എന്തിനാണ് ജസ്റ്റിസ് ക്ളോക്ക് ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയമാണിത്. 2017 ലെ ദേശീയ നിയമ ദിനത്തിലാണ് ജസ്റ്റിസ് ക്ളോക്കുകൾ സ്ഥാപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചത്. മത്സരബുദ്ധിയോടെ കേസുകൾ തീർപ്പാക്കാൻ ജസ്റ്റിസ് ക്ലോക്ക് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹിയിലെ നീതി വകുപ്പിന്റെ ഓഫീസിൽ ഇത്തരമൊരു ക്ളോക്ക് സ്ഥാപിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഇ - കമ്മിറ്റിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഹൈക്കോടതികൾ ആദ്യചുവട് വയ്ക്കുന്നത്. കൊൽക്കത്ത ഹൈക്കോടതിയിൽ ഡിസ്‌പ്ളേ ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ എല്ലാ കീഴ്ക്കോടതികളിലും ജസ്റ്റിസ് ക്ളോക്കുകൾ വരും.
നടപടികൾ അന്തിമ ഘട്ടത്തിലാണ്. കമ്പ്യൂട്ടറൈസേഷൻ കമ്മിറ്റി യോഗം ഉടൻ ചേരുന്നുണ്ട്. കേസുകൾ സംബന്ധിച്ച് ജനങ്ങളെ അറിയിക്കേണ്ട വിവരങ്ങളും ജസ്റ്റിസ് ക്ളോക്ക് ഉദ്ഘാടനവും യോഗത്തിൽ തീരുമാനിക്കും.
- പ്രദീപ് കുമാർ, കേരള ഹൈക്കോടതി രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ)
ഹൈക്കോടതിയിൽ നിലവിൽ
86800 സിവിൽ കേസുകൾ
45,001 ക്രിമിനൽ കേസുകൾ
66,657 റിട്ട് പെറ്റീഷനുകൾ
ആകെ 1,98,458 കേസുകൾ
കീഴ്ക്കോടതികളിൽ നിലവിൽ
4,01,427 സിവിൽ കേസുകൾ
8,88,520 ക്രിമിനൽ കേസുകൾ
ആകെ 12,89, 947 കേസുകൾ
(വിവരങ്ങൾ നാഷണൽ ജുഡിഷ്യൽ ഡേറ്റ ഗ്രിഡിൽ നിന്ന്)