കൊച്ചി: തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) ചട്ടങ്ങൾ ലംഘിച്ച് കൊച്ചി കോർപ്പറേഷൻ പരിധിയിൽ 93 ഓളം അനധികൃത കെട്ടിങ്ങൾ പ്രവർത്തിക്കുന്നതായി നഗരാസൂത്രണ വിഭാഗത്തിന്റെ കണ്ടെത്തൽ. നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ചും നിയമപരമല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളെ കുറിച്ചും കോർപ്പറേഷൻ നടത്തിയ കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മരടിൽ സി.ആർ.ഇസഡ് ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.

# തട്ടിപ്പിന്റെ വിളനിലമായി കനാൽ തീരങ്ങൾ

കൊച്ചി കായൽതീരത്തും പേരണ്ടൂർ കനാൽ തീരുത്തുമാണ് തീര നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് ഏറ്റവും കൂടുതൽ നിർമ്മാണങ്ങൾ നടന്നിരിക്കുന്നത്. കൂടാതെ ചിലവന്നൂർ കായൽ, ടി.പി കനാൽ, വാലുമ്മേൽ തോട്, തേവര കനാൽ, കണിയാമ്പുഴ നദി, കണ്ടൽകാടുകൾ തുടങ്ങി കൊച്ചിയിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ചാണ് അനധികൃത നിർമ്മാണങ്ങൾ മുഴുവനും നടന്നിരിക്കുന്നത്.

പ്രമുഖ ആശുപത്രികൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അപ്പാർട്ടുമെൻറുകൾ, കൺവെൻഷൻ സെന്ററുകൾ, ഫുഡ് കോർട്ടുകൾ അടക്കം നിർമാണങ്ങളിൽ പെടും. ഷിപ്പ്‌യാർഡിന്റെ കെട്ടിടവും ബി.എസ്.എൻ.എൽ ജീവനക്കാരുടെ ക്വാർട്ടേഴ്‌സും സി.ആർ.ഇസഡ് ലംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

# അനധികൃത നിർമ്മാണങ്ങൾ

കൊച്ചി കായലോരത്ത്: 35

പേരണ്ടൂർ കനാൽ : 15

ചിലവന്നൂർ: 15

കണിയാമ്പുഴ: 5

# പെർമിറ്റ് നൽകുമ്പോൾ ശ്രദ്ധിക്കും

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വൻകിട നിർമ്മാണങ്ങൾക്ക് പെർമിറ്റ് നൽകുമ്പോൾ അത് അനധികൃതമല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.നിലവിലെ കെട്ടിടങ്ങളിൽ ലൈസൻസ് ലഭിച്ചതിനുശേഷം അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.

മേയർ സൗമിനി ജെയിൻ

# ഇളവുകൾ ബാധകമാണോയെന്ന് പരിശോധിക്കും

തീരമേഖലയിൽ നിർമ്മാണം നടത്തുന്നതിനുള്ള വിലക്കുകളിൽ വൻതോതിൽ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം വന്നിട്ടുള്ളതിനാൽ ഇപ്പോൾ കണ്ടെത്തിയ നിർമ്മാണങ്ങളിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് നഗരാസൂത്രണ വിഭാഗം പറയുന്നു. സി.ആർ.ഇസഡ് രണ്ട്, മൂന്ന് വിഭാഗത്തിൽ വരുന്ന മേഖലയിൽ നിയന്ത്രണത്തിന് വിധേയമായി ടൂറിസം പദ്ധതികൾ, റിസോർട്ട് പദ്ധതികൾ എന്നിവക്ക് അനുമതി ലഭിക്കും. സി.ആർ.ഇസഡ് ഒന്നാം പട്ടികയിൽ വരുന്ന കണ്ടൽക്കാട് മേഖലയിൽ ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി പാർക്കുകൾ, മരംകൊണ്ടുള്ള കുടിലുകൾ എന്നിവ നിർമ്മിക്കാൻ അനുമതി നൽകാവുന്നതാണെന്നും പുതിയ വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കണ്ടെത്തിയ കെട്ടിടങ്ങൾക്ക് അത്തരം ഇളവിന്റെ സാധുതയുണ്ടോയെന്ന് പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.