പറവൂർ : കേന്ദ്ര ഹാൻഡ്ലൂം ഡവലപ്മെന്റ് കമ്മിഷണർ സഞ്ജയ് റെസ്തോഗി ചേന്ദമംഗലം കൈത്തറി സംഘങ്ങൾ സന്ദർശിച്ചു. ചെന്നൈ വീവേഴ്സ് സർവീസ് സെന്റർ സൗത്ത് സോൺ ഡയറക്ടർ സി. മുത്തുസ്വാമി, കണ്ണൂർ വീവേഴ്സ് സർവീസ് സെന്റർ ഡയറക്ടർ എസ്.ടി. സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പം പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലും ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലുമെത്തി. സംഘത്തിന്റെയും തൊഴിലാളികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ സംഘം ഭാരവാഹികൾ വിശദീകരിച്ചു. പ്രളയവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന്റെ സഹായങ്ങൾ ലഭിച്ചില്ലെന്ന് തൊഴിലാളികൾ അദ്ദേഹത്തെ അറിയിച്ചു. സംഘം പ്രസിഡന്റ് ടി.എസ്. ബേബി, സെക്രട്ടറി പ്രിയദർശിനി, പി.എൻ. ഗോപി, രമേഷ് മേനോൻ, രേവതി എന്നിവർ ചേർന്നു സ്വീകരിച്ചു.