അങ്കമാലി: ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഒന്നായ അങ്കമാലി സ്റ്റേഷനോടുള്ള ഉന്നത അധികാരികളുടെ അവഗണന തുടരുന്നു. ദേശീയപാതയോരത്ത് എം.സി റോഡും എൻ.എച്ചും സംഗമിക്കുന്നതും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ളതുമായ അങ്കമാലി പൊലീസ് സ്റ്റേഷനിൽ അത്യാവശ്യത്തിനു പോലും പൊലീസുകാരില്ലാതായിട്ട് നാളേറെയായി. ഒരു പൊലീസ് ഇൻസ്‌പെക്ടറും രണ്ട് സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ കണക്കുപ്രകാരം സ്റ്റേഷനിൽ ഉള്ളവർ 57പേരാണ്. എന്നാൽ സ്റ്റേഷൻ ഡ്യൂട്ടിക്ക് സ്ഥിരമായി ലഭിക്കുന്നത് 24 പേരെ മാത്രമാണ്. മേമ്പൊടിക്ക് ഒരു വനിതാ കോൺസ്റ്റബിളും. ബാക്കിയുള്ളവർ മറ്റു ഡ്യൂട്ടിക്കായി പോകുന്നതാണ് സ്റ്റേഷന്റെ പ്രവർത്തനത്തെ തകിടംമറിക്കുന്നത്.
# ആവശ്യത്തിന് പൊലീസുകാരില്ല
4 സബ് ഇൻസ്‌പെക്ടർമാർ വേണ്ടിടത്ത് രണ്ടു പേരെയാണ് നിയമിച്ചിട്ടുള്ളത് . ഇതിൽ ഒരാൾ ആലുവ കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലാണ്. കോടതി, പരാതി അന്വേഷിക്കൽ, വർക്ക് അറേഞ്ചുമെന്റ്, ഹൈവേ ഡ്യൂട്ടി, ജനമൈത്രി
തുടങ്ങിയവയ്ക്ക് പൊലീസുകാരുടെ സേവനം വേണം. ഡ്യൂട്ടി കഴിഞ്ഞ് 6 പേർക്ക് വിശ്രമം കൊടുക്കണമെങ്കിലും ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ അതിനും കഴിയാത്ത സ്ഥിതിയാണ്. പ്രമുഖ ക്ഷേത്രങ്ങളിലേക്കും പ്രദേശത്തുള്ള ക്ഷേത്രങ്ങളിലേക്കും പള്ളിപ്പെരുനാളുകൾക്കും പൊലീസുകാരെ ഡ്യൂട്ടിക്ക് അയക്കണം. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിൽ വനിതാ പൊലീസ് നിർബന്ധമായതുകൊണ്ട് മറ്റു സ്റ്റേഷനുകളിൽ നിന്നുള്ളവരുടെ സഹായം തേടേണ്ട ഗതികേടിലാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന വി.വി.ഐ പി. ഉൾപ്പെടെയുള്ളവർക്ക് എസ്‌കോർട്ടും പൈലറ്റും കൂടിയാകുമ്പോൾ ദൈനംദിന ആവശ്യങ്ങൾക്ക് പോലും സേനാംഗങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്.
കേസന്വേഷണങ്ങളിൽ ജനസംഖ്യയിൽ ഉപരിയായി ദൂരപരിധിയാണ് പൊലീസിനെ വലയ്ക്കുന്നത്. പലേടത്തും അനിഷ്ടസംഭവമുണ്ടായാൽ ഓടിയെത്താൻ കഴിയാത്ത സ്ഥിതിയാണ്.
# കേസുകൾ കൂടുതൽ
അങ്കമാലി സ്റ്റേഷനിൽ ഒരു മാസം അറുപതിലേറെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ആവശ്യത്തിന് സേനാ അംഗങ്ങളെ സ്റ്റേഷനുകളിൽ നിയമിക്കുന്ന കാര്യത്തിൽ ഉന്നതോദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ല. അങ്കമാലി പൊലീസ് സ്റ്റേഷനെ രണ്ടായി വിഭജിച്ചാലേ സുഗമമായി പ്രവർത്തിക്കാനാവൂ എന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. അതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമായി കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്നാണ് ആവശ്യം.
# പാറക്കടവ്, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ പഞ്ചായത്തുകളും അങ്കമാലി നഗരസഭയും അടങ്ങുന്നതാണ് സ്റ്റേഷൻ പരിധി.