bindu-gopalakrishnan
സമഗ്ര ശിക്ഷാ എറണാകുളം, കൂവപ്പടി ബി.അർ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഗണിതോത്സവം സഹവാസ ക്യാമ്പ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യന്നു.

പെരുമ്പാവൂർ: കൂവപ്പടി ബി.അർ.സിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഗണിതോത്സവ സഹവാസ ക്യാമ്പ് ഓടക്കാലി ഗവ. വി.എച്ച്.എസ്.എസ് സ്‌കൂളിൽ ആരംഭിച്ചു. കുട്ടികളിൽ ഗണിതപഠനതാല്പര്യം വർദ്ധിപ്പിക്കുന്നതിനും പരീക്ഷയ്ക്ക് ആത്മവിശ്വാസം വളർത്തുന്നതിനുമാണ് ക്യാമ്പ് നടത്തുന്നത്. ആറ് മുതൽ എട്ട് വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ അക്കാഡമിക നിലവാരം ഉയർത്താനുള്ള പദ്ധതികളുടെ ഭാഗമായി ഗണിതപഠന സമീപനത്തിലും ഗണിത പാഠപുസ്തകങ്ങളിലും വന്ന മാറ്റം കുട്ടികളിൽ ഗണിത വിഷയത്തിലുള്ള അഭിരുചി വർദ്ധിപ്പിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ കുട്ടി കാണുന്നതും ചെയ്യുന്നതുമായ പ്രവർത്തനങ്ങളിലെ ഗണിതം തിരിച്ചറിയുന്നതിനും ഇതിലൂടെ ഗണിതപഠനത്തിൽ ആത്മവിശ്വാസം വളർത്തുന്നതിനും നാട്ടിലെ സ്വാഭാവിക ജീവിതത്തിൽ പ്രയോഗിക്കുന്ന ഗണിതത്തിന്റെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തുക, സംഗീതം,കല,ചിത്രകല മുതലായവയിലെ ഗണിതം തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തുക, കുട്ടികളെ അന്വേഷിത പഠനത്തിലേക്ക് നയിക്കുക, ഭയമില്ലാതെ കണക്കു പരീക്ഷയെ സമീപിക്കൽ തുടങ്ങിയവയാണ് ഗണിതോത്സവത്തിന്റെ ലക്ഷ്യം. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓടക്കാലി ഗവ. വി.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്റർ കെ.കെ ബാബു, ബി.ആർ.സി ട്രെയിനർ ജ്യോതിഷ് പി, പി.ടി.എ പ്രസിഡന്റ് യേശുദാസൻ, അദ്ധ്യാപകൻ കെ.കെ സുരേഷ്, കൂവപ്പടി ബി.പി.ഒ ഷീന കെ പുന്നൂസ് എന്നിവർ പങ്കെടുത്തു.