aijo-jobi
പിടിയിലായ എയ്‌ജൊ,ജോബി എന്നിവർ

പെരുമ്പാവൂർ: അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച് ഭീഷണിപ്പെടുത്തി പണം ചോദിച്ച കേസിൽ ഒരു മാസത്തിലേറെയായി മുങ്ങി നടന്ന മോഷ്ടാക്കളെകോടനാട് പൊലീസ് നാടകീയമായി പിടികൂടി . തോട്ടുവ സ്വദേശികളായ പാറയിൽ കുട്ടൻ എന്ന് വിളിക്കുന്ന എയ്ജോ(40) പനയിൽക്കുടി വീരപ്പൻ എന്നു വിളിക്കുന്ന നോബി (32) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ സഹായിച്ച എളമ്പകപ്പിള്ളി സ്വദേശിയായ ഓട്ടോഡ്രൈവറെയുംകസ്റ്റഡിയിലെടുത്തുത്തു. മോഷണ സംഘത്തിലെ ഒരാൾ ഒളിവിലാണ്. കഴിഞ്ഞ ഡിസംബർ 12 ന് അബ്കാരി കോൺട്രാക്ടർ തോട്ടുവ നെടുങ്കണ്ടത്തിൽ ജോയ് ജോസഫിന്റ വീട്ടിലായിരുന്നുമോഷണം.ജോയിയും, കുടുംബവും വൈകിട്ട് ഏഴിന് വീടുപൂട്ടി പുറത്തേക്കു പോയ തക്കം നോക്കി മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നു. ഇരുനില കെട്ടിടം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പണമോ സ്വർണ്ണമോ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മുകളിലെ നിലയിലെ മുറിയിൽനിന്നും പണം അടങ്ങിയ ബാഗ് എന്നു കരുതി സ്യൂട്ട്കേസ് മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. അടുത്തദിവസം തന്നെ പോലീസിൽ പരാതി നൽകി. എന്നാൽ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ മോഷ്ടാക്കളിലൊരാൾ ജോയിയെ ബുധനാഴ്ച ഫോണിൽ ബന്ധപ്പെട്ട് സ്യൂട്ട്കേസിലുണ്ടായിരുന്ന ആധാരം തിരികെ വേണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക തന്റെ പക്കൽ ഇല്ലെന്നും മൂന്ന് ലക്ഷം തരാമെന്നും ജോയി പറഞ്ഞു. ഇത് സമ്മതിച്ച മോഷ്ടാക്കൾ അടുത്ത ദിവസം മലയാറ്റൂരിൽ വച്ച് ആധാരം കൈമാറാമെന്നു പറഞ്ഞുവെച്ചു. ഈ വിവരം പോലീസിൽ അറിയിച്ചാൽ സ്‌കൂളിൽ പഠിക്കുന്ന മകന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളൊക്കെ ജോയി കോടനാട് പോലീസിനെ ധരിപ്പിച്ചു. പണം വാങ്ങാൻ നേരിട്ടെത്തുമെന്നു പറഞ്ഞ പ്രതികൾ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ദൗത്യം ഏൽപ്പിച്ച്പറഞ്ഞയച്ചു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർ ആധാരം നൽകി പണം ആവശ്യപ്പെട്ടപ്പോഴേക്കും പൊലീസ് ചാടിവീണു പിടികൂടി. താൻ സംഘത്തിൽപ്പെട്ട ആളല്ലെന്നും ആയിരം രൂപ തരാമെന്നും പറഞ്ഞ് തന്നെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുകയായിരുന്നെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. തുടർന്ന് ഓട്ടോ ഡ്രൈവറെ കൊണ്ടുതന്നെ പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് അവർ നിൽക്കുന്ന സ്ഥലം മനസിലാക്കി.താമസിയാതെ കോടനാട് പൊലീസ് സ്റ്റേഷന് സമീപത്തുള്ള ബാറിന് മുന്നിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.