കൊച്ചി: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ടാക്കിയ മാതൃകാ പരീക്ഷാസമയം മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഫെബ്രുവരി 11ന് പരീക്ഷ ആരംഭിക്കും. എട്ട് ദിവസം കൊണ്ട് തീരും. ദിവസം രണ്ട് വീതം നടത്തി അഞ്ച് ദിവസം കൊണ്ട് പരീക്ഷകൾ തീർക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം നൽകുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
രാവിലെ 9.45നും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. വെള്ളിയാഴ്ച 2ന് ആരംഭിക്കും.
പ്രാക്ടിക്കൽ പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് 2 മണിക്കൂർ 45 മിനിട്ടാണ് സമയം. 15 മിനിട്ട് കൂൾ ഓഫ് സമയമാണ്.
പ്രാക്ടിക്കൽ ഉള്ളവർക്ക് 15 മിനിട്ട് കൂൾ ഓഫ് സമയം ഉൾപ്പടെ 2 മണിക്കൂർ 15 മിനിട്ടാണ് പരീക്ഷാസമയം.
ഫെബ്രുവരി 14ന് പരീക്ഷ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ ടൈംടേബിൾ അനുസരിച്ച് ഒരു പരീക്ഷ രണ്ടേ മുക്കാൽ മണിക്കൂർ വരെ നീളും. ചില ദിവസം അഞ്ചര മണിക്കൂർ വരെ എഴുതേണ്ടി വരുമായിരുന്നു. ഒരു വിഷയത്തിന് രണ്ട് ഉപവിഷയങ്ങൾ പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികളെ ദിവസം രണ്ട് പരീക്ഷ വലയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളും രംഗത്തിറങ്ങി. ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി ലയനം പ്രാവർത്തികമാക്കിയെന്നു വരുത്തിത്തീർക്കാനാണ് ആസൂത്രണമില്ലാതെ പരീക്ഷ നടത്തുന്നതെന്ന ആരോപണവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷകളുടെ സമയം പുതുക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
"പരീക്ഷാസമയം പുനഃക്രമീകരിച്ചത് സ്വാഗതം ചെയ്യുന്നു. ഇത് കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഹയർ സെക്കൻഡറിയിലെ അംഗീകൃത സംഘടനകളെ മാറ്റി നിറുത്തി എടുക്കുന്ന തീരുമാനങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആ സ്ഥിതി മാറണം "
ഡോ.സാബുജി വർഗീസ്
ജനറൽ സെക്രട്ടറി
ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ