ആലുവ: കേൾവി തിരികെ ലഭിക്കുന്ന കോക്ളിയർ ഇംപ്ളാന്റേഷൻ സർജറിക്ക് വിധേയമായവരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് കോക്ളിയർ ഇംപ്ളാന്റീസ് അസോസിയേഷൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേൾവിയില്ലാത്ത ഓരോരുത്തർക്കും ഏഴ് മുതൽ 20 വരെ ലക്ഷം രൂപ ചെലവഴിച്ചാണ് കോക്ളിയർ ഇംപ്ളാന്റേഷൻ നടത്തുന്നത്. ഇവയ്ക്ക് 18 ശതമാനം ജി.എസ്.ടി പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 2400ഓളം വരുന്ന ഇംപ്ളാന്റീസിന്റെയും അവരുടെ രക്ഷിതാക്കളുടെയും ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് ആലുവ യു.സി കോളേജ് ടാഗോർ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ പത്തിന് മന്ത്രി ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് ശേഷം സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.ആർ. ബിജു, ട്രഷറർ അബ്ദുൾ റഷീദ്, വി.എസ്. രാജേഷ്, പി. സുധീഷ്, എസ്. ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.