കൊച്ചി: കെട്ടിടങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും കേടുപാടുകളിൽ കരാറുകാരനെതിരെ മാത്രം കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. പാലാരിവട്ടത്തെ ഫ്ളൈ ഓവറുമായി ബന്ധപ്പെട്ട് നിർമ്മാണ രംഗത്തെ സംഘടനകൾ പൊതുജന പങ്കാളിത്തത്തോടെ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമലംഘനമുണ്ടെങ്കിൽ നിർമ്മാണ ഘട്ടത്തിൽ തന്നെ കണ്ടെത്തി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന ചെയർമാൻ പ്രിൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ഗ്രാജുവേറ്റ്സ് എൻജിനിയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് റെജി സക്കറിയ, കേരള ഗവണ്മെന്റ് ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരം പാലാരിവട്ടം ഫ്ളൈ ഓവറിന്റെ ഭാരപരിശോധന ഉടൻ നടത്തണമെന്നും ഇരുചക്ര വാഹനങ്ങളും കാറുകളും ഉൾപ്പെടെ ചെറു വാഹനങ്ങൾ ഫ്ളൈ ഓവറിലൂടെ കടത്തി വിട്ട് ഗതാഗതക്കുരുക്ക് കുറയ്ക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബംഗളൂരു എസ്. ടി. യു. പി കൺസൾട്ടൻസ് ഡയറക്ടർ അൻപ് തോമസ് സാമുവൽ, പൊതുമരാമത്ത് വകുപ്പ് മുൻ ചീഫ് എൻജിനീയർ കുര്യൻ മാത്യു, മുൻ ഡെപ്യുട്ടി ചീഫ് എൻജിനീയർ യാക്കൂബ് മോഹൻ ജോർജ്ജ് എന്നിവർ സംസാരിച്ചു. സ്ട്രക്ച്ചറൽ എൻജിനീയേഴ്‌സ് അസോസിയേഷൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ. അനിൽ ജോസഫ് മോഡറേറ്ററായി.