കൊച്ചി: ഷെയിൻ നിഗം വിവാദം അവസാനിക്കുന്നു. പ്രതിഫല തർക്കത്തെ തുടർന്ന് മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് താരം പൂർത്തിയാക്കി. കൊച്ചിയിലെ ശാസ്താ സ്റ്റുഡിയോയിൽ ഏഴുദിവസം കൊണ്ടാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്. ചിത്രം മാർച്ച് ആദ്യവാരം പുറത്തിറങ്ങും.
കൂടുതൽ പ്രതിഫലം വേണമെന്ന് ഷെയിൻ ആവശ്യപ്പെട്ടതോടെയാണ് ഉല്ലാസത്തിന്റെ ഡബ്ബിംഗ് മുടങ്ങിയിരുന്നത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും തടസപ്പെട്ടു. തുടർന്ന് ഷെയിനിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കി. താരസംഘടന അമ്മയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും ഉല്ലാസം ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന വാശിയിലായിരുന്നു നിർമ്മാതാക്കൾ. ജനുവരി 9ന് നടന്ന അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഒത്തുതീർപ്പുണ്ടായത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണത്തീയതി അമ്മ - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് തീരുമാനിക്കും.