തോപ്പുംപടി: കഴിഞ്ഞ ഒരാഴ്ചയായി പശ്ചിമകൊച്ചിയിൽ തൊണ്ട നനക്കാൻ തുള്ളി വെള്ളമില്ല. ആലുവ, പെരുമാനൂർ, പളളിമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കുടിവെള്ളം പടിഞ്ഞാറൻ കൊച്ചിയിലേക്ക് വരുന്നത്. എന്നാൽ ഈ ഭാഗത്തുള്ള കുടിവെള്ളം മറിച്ച് വില്പ്ന നടത്തുന്നു എന്നാണ് ആരോപണം. ചെളി നിറഞ്ഞതും ദുർഗന്ധവുമുള്ള വെള്ളമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പള്ളുരുത്തിക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദിനംപ്രതി പള്ളുരുത്തി മരുന്നുകട വാട്ടർ ടാങ്കിൽ 14 എം.എൽ.ടി. വെള്ളം വേണ്ട സ്ഥാനത്ത് 8 എം.എൽ.ടി വെള്ളം മാത്രമാണുള്ളത്. പുലർച്ചെ 5 മുതൽ 11 മണി വരെയാണ് പമ്പിംഗ് സമയം. എന്നാൽ പലപ്പോഴും ഈ സമയങ്ങളിൽ പമ്പിംഗ് നടക്കാറില്ല. ചെല്ലാനത്ത് വെളളം കിട്ടാത്ത പല വാർഡുകളിലും ടാങ്കർ ലോറിയിൽ പോലും കുടിവെള്ളം എത്തിക്കാത്ത സ്ഥിതിയാണ്. ഇനി വേനൽ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം ഇനിയും രൂക്ഷമാകും. പാഴൂരിൽ നിന്നും വരുന്ന കുടിവെള്ളം ഫ്ളാറ്റുകൾക്കും മറ്റും മറിച്ചു വിൽക്കുകയാണ്. ജില്ലയിൽ പണി പൂർത്തിയാക്കിയ പല ഫ്ളാറ്റുകൾക്കും കുടിവെള്ളവും കറണ്ടും ഇപ്പോഴും ലഭിച്ചിട്ടില്ല കൊച്ചിൻ കോർപ്പറേഷൻ അനുമതി നൽകാത്ത പല ഫ്ളാറ്റുകളിലും കുടിവെള്ളം പുറത്തു നിന്നും വിലക്ക് വാങ്ങുകയാണ്. പടിഞ്ഞാറൻ കൊച്ചിയിലേക്ക് വരുന്ന കുടിവെള്ളളമാണ് ഇത്തരത്തിൽ മറിച്ചു വില്പ്ന നടത്തുന്നത്.
കുത്തിയിരുപ്പ് സമരം നടത്തി
പഞ്ചായത്ത് സ്ഥലങ്ങളായ കുമ്പളങ്ങി, ചെല്ലാനം ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. കുമ്പളങ്ങി പഞ്ചായത്തിൽ കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ കഴിഞ്ഞ ദിവസം കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.