മൂവാറ്റുപുഴ: വർഷങ്ങളായി തകർന്നു കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. എം.സി.റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിലെ കാത്തിരിപ്പ് കേന്ദ്രമാണ് അധികൃതരുടെ ശ്രദ്ധ പതിയാതെ ഉപയോഗ ശൂന്യമായി കിടക്കുന്നത്. രണ്ട് വർഷം മുമ്പ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് പാഞ്ഞ് കയറി കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നിരുന്നു. വിദ്യാർത്ഥിനിയുടെ ജീവൻ അപഹരിച്ച അപകടത്തെ തുടർന്നു നാളുകളായി ഉപയോഗ ശൂന്യാമായി കിടക്കുകയായിരുന്ന കാത്തിരിപ്പുകേന്ദ്രം നാട്ടുകാരുടെ ശ്രമഫലമായി പുനർ നിർമിച്ചെങ്കിലും അതിനു വലിയ ആയുസുണ്ടായില്ല. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തെ തുടർന്ന് കാത്തിരിപ്പ് കേന്ദ്രം തകർന്ന് തരിപ്പണമാകുകയായിരുന്നു. സത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധി യാത്രക്കാർക്കു ആശ്രയമായ കാത്തിരിപ്പു കേന്ദ്രമാണ് അധികൃതരാൽ തിരിഞ്ഞു നോക്കപ്പെടാതെ കിടക്കുന്നത്. ഇതോടെ യാത്രക്കാർക്കു വെയിലും മഴയും കൊണ്ട് ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രാഷ്ട്രീയ ഇടപെടലുകളും കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണത്തിനു തടസമാകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർമ്മാണം നടത്തുന്നതിനായി ആവശ്യമായ ഭീമമായ തുക ഇനിയും പിരിച്ചെടുക്കാനാകാത്തതിനാൽ അധികൃതരുടെ ദയക്കായി കാത്തിരിക്കുകയാണ് ഇവിടത്തുകാർ.
സമരത്തിനൊരുങ്ങി നാട്ടുക്കാർ
കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണാധികാരികളെ സമീപിച്ചിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ റോഡ് ഡിവിഷൻ ഉദ്യോഗസ്ഥരും അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്നും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്.നിർമാണ പ്രവർത്തനത്തിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കാത്ത പക്ഷം സമര പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.