കൊച്ചി: അടിയന്തിരാവസ്ഥ കാലത്ത് പോലുമില്ലാത്ത വിധം പ്രതിഷേധങ്ങളെ പൊലീസും ഭരണകൂടവും മുഖ്യധാര മാധ്യമങ്ങളും അക്രമി സംഘങ്ങളും ചേർന്ന് അടിച്ചമർത്തുന്ന കാഴ്ചയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പ്രശാന്ത് ഭൂഷൺ. മോശം കാലഘട്ടമാണ് ഇതെങ്കിലും കരുത്തുറ്റ പോരാട്ടത്തിന്റെ മികച്ച കാലം കൂടിയാണ് കടന്നുപോകുന്നത്. ഇത് ശുഭപ്രതീക്ഷയുണർത്തുന്നതായും അദ്ദേഹം പറഞ്ഞു. പീപ്പിൾ യുണൈറ്റഡ് എഗയ്ൻസ്റ്റ് യു.എ.പി.എയുടെ നേതൃത്വത്തിൽ സി.എ.എക്കും യു.എ.പി.എക്കുമെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൂറു വർഷത്തോളമായി ആർ.എസ്.എസ് അജണ്ടയിലുള്ള ഹിന്ദു രാഷ്ട്രമെന്ന യാഥാർഥ്യത്തിലേക്കുള്ള ആദ്യ പടിയെന്ന നിലയിലാണ് സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറുമടങ്ങുന്ന പാക്കേജ് മോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത്. വോട്ടിംഗ് അവകാശം ഇല്ലാതാക്കി മുസ്ലീങ്ങളെ പൗരൻമാർ പോലും അല്ലാത്തവരാക്കി മാറ്റും. സമരം ചെയ്യുന്നവരെ ഗുണ്ടാസംഘങ്ങളെന്നാണ് ആക്ഷേിപിക്കുന്ന കേന്ദ്ര ഭരണകൂടമാണ് യഥാർഥ ഗുണ്ടകൾ. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയെ ഒന്നിച്ചു ചേർത്ത് വേണം വിലയിരുത്താൻ. സാധാരണക്കാരായ മനുഷ്യരുടെ കൈവശമുള്ള രേഖകളൊന്നും പൗരത്വം തെളിയിക്കാൻ മതിയാവാതെ വരും. സാധാരണ ക്രിമിനൽ കേസിൽ പ്രതികളായവരെ കുറ്റം തെളിയിക്കുന്നത് വരെ നിരപരാധികളായാണ് നിയമം കാണുന്നതെങ്കിൽ പൗരത്വം സംശയിക്കുന്നവരെ പൗരൻമരല്ലാതെയാണ് പരിഗണിക്കുന്നത്. പൗരനാണെന്ന് തെളിയിക്കാനുള്ള ബാധ്യത അയാൾക്കാണ്.
യു.എ.പി.എ വ്യാജമായി ചുമത്തിയാണ് പലരെയും വർഷങ്ങളോളം ജാമ്യമില്ലാതെ തടവിലിടുന്നത്. ഇവരിലേറെ പേരും അവസാനം നിരപരാധികളായി പുറത്തുവരാറാണ് പതിവ്. യു.എ.പി.എ, എൻ.എസ്.എ നിയമങ്ങൾ ശരിവെച്ച സുപ്രീം കോടതി ഉത്തരവ് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ.പി സേതുനാഥ്, ജോൺ ജോസഫ്, ആഭ മുരളീധരൻ, സമൃതി തുടങ്ങിയവർ സംസാരിച്ചു.