antoney71

വൈപ്പിൻ: സിനിമാ-നാടകനടനും അദ്ധ്യാപകനുമായ ഓച്ചന്തുരുത്ത് സി.സി കോട്ടേജിൽ ആന്റണി പാലയ്ക്കൽ (ആൻസൻ-71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീറ്റ. മക്കൾ: ആർതർ, ആൽഡസ്, അനീറ്റ. മരുമക്കൾ: ടിറ്റി, റിങ്കു, ജോവിൻ.
മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന ആൻസൻ അന്നേ നാടകരംഗത്ത് തിളങ്ങിയിരുന്നു. ഓച്ചന്തുരുത്ത് വൈ.എഫ്.എ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടകത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. അന്ന് ലാ കോളേജിൽ പഠിച്ചിരുന്ന മമ്മൂട്ടിയുമായി വലിയ ചങ്ങാത്തത്തിലായിരുന്നു. കൊച്ചിൻ നാടകവേദിയുടെ പ്രധാന നടനായിരുന്നു. എഴുപതുകളിൽ നാടകരംഗത്ത് സജീവമായിരുന്നു. ലേലം, അടയാളം, ചരിത്രം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.