കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിച്ചതിനെ തുടർന്നുണ്ടായ മലിനീകരണം വിലയിരുത്താൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഇന്നലെ രാവിലെ ആൽഫ സെറിന്റെ ഇരട്ട കെട്ടിടങ്ങൾ തകർത്ത പ്രദേശത്ത് ആദ്യമെത്തിയ സംഘം തുടർന്ന് ജെയിൻ കോറൽ കോവ്, എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയ സ്ഥലങ്ങളും സന്ദർശിച്ചു. അവശിഷ്ടങ്ങൾ മണൽ പോലുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാനുള്ള അംഗീകാരത്തിനായി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന കരാറുകാർ അപേക്ഷ നൽകിയതായി പൊല്യൂഷൻ കൺട്രോൾ ബോർഡ് (പി.സി.ബി) ചീഫ് എൻജിനീയർ എം.എ. ബൈജു വ്യക്തമാക്കി. അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ വിവരിക്കുന്നതിന് ഹിയറിംഗ് ആസൂത്രണം ചെയ്തിട്ടുണ്ട്. മരട് നഗരസഭയുടെ അധിക ചുമതല വഹിക്കുന്ന ഫോർട്ട് കൊച്ചി ആർ.ഡി.ഒ., ഹരിതട്രൈബ്യൂണൽ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ 24ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ എത്തിച്ചേരണമെന്നും നിർദേശിച്ചു. പരിസ്ഥിതി എൻജിനീയർ മിനി മേരി സാം, മരട് നഗരസഭയുടെയും മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർമാരും സംഘത്തിലുണ്ടായിരുന്നു.

"ഫ്ലാറ്റ് പൊളിച്ചതുകൊണ്ട് പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്നും അതു പരിഹരിക്കാൻ എന്തൊക്കെ പ്രാഥമിക നടപടികൾ സ്വീകരിച്ചുവെന്നും പരിശോധിക്കാനാണ് സന്ദർശനം. അവശിഷ്ടങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യേണ്ടത് മരട് നഗരസഭയുടെ ഉത്തരവാദിത്തമാണ്. മാലിന്യ നീക്കത്തിനു കരാർ നൽകിയെങ്കിലും ജോലികളിൽ നഗരസഭയുടെ മേൽനോട്ടമുണ്ടാകണം. "

ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള

സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ

ദേശീയ ഹരിത ട്രൈബ്യൂണൽ