കൊച്ചി: എടയാറിൽ ശുദ്ധീകരിക്കാൻ കൊണ്ടുപോകുന്നതിനിടെ 20 കിലോയിൽപ്പരം സ്വർണം കവർച്ച ചെയ്ത് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി ജമാലിനെയാണ് (40) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത സ്വർണത്തിൽ നിന്ന് രണ്ടുകിലോ സ്വർണം ഉരുക്കാനായി നൽകി കമ്മീഷൻ വാങ്ങിയ ആളാണ് ജമാൽ. കളവ് മുതലിന്റെ ഒരുഭാഗം വാങ്ങിയ ചങ്ങനാശേരിക്കാരൻ ദീപക്കിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ജമാലിനെ അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ അടുത്ത് സ്വർണം ഉരുക്കാൻ നൽകിയ ശേഷം ജമാൽ കമ്മീഷൻ വാങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. സ്വർണം ചിന്നക്കനാലിൽ കുഴിച്ചിട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് രണ്ടുകിലോ സ്വർണം വാങ്ങിയത് ചങ്ങനാശേരിക്കാരനാണെന്ന സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപക്കും ജമാലും അറസ്റ്റിലായത്.

കഴിഞ്ഞവർഷം മേയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എടയാർ വ്യവസായ മേഖലയിലെ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണമാണ് ജീവനക്കാരെ ആക്രമിച്ച് തട്ടിയെടുത്തത്. കൊച്ചിയിൽ നിന്ന് ഇവിടേക്ക് ശുദ്ധീകരിക്കാനായി കാറിൽ കൊണ്ടുവരുന്നതിനിടെ വ്യവസായ മേഖലയിൽ വച്ച് മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന സ്വർണം തട്ടിയെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.