കൊച്ചി: ലഹരി സംഘത്തിലെ യുവാക്കൾ വിവിധ ഇനം മയക്കുമരുന്നുമായി പിടിയിൽ. കൊടുങ്ങല്ലൂർ എറിയാട് മരോട്ടിക്കപ്പറമ്പിൽ വീട്ടിൽ അൽ അമീൻ (22), കൊടുങ്ങല്ലൂർ മേത്തല തായാട്ടുപറമ്പിൽ വീട്ടിൽ ഗോകുൽ (24) എന്നിവരാണ് എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഷാഡോ ടീമിന്റെ പിടിയിലായത്.
എറണാകുളം ലിസി ഭാഗത്ത് നിന്നും എം.ഡി.എം.എയുമായി അൽ അമീനെ ആദ്യം എക്‌സൈസ് പിടികൂടി. തുടരന്വേഷണത്തിൽ ഗോകുലിന്റെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ .896 ഗ്രാം എം.ഡി.എം.എ., 2.073 ഗ്രാം എം.ഡി.എം.എ പിൽസ്, 360ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.
ബംഗളൂരിൽ നിന്ന് മെക്കാനിക്കൽ ഡിപ്ലോമ നേടിയ അൽ അമീൻ തന്റെ പരിചയത്തിൽ എം.ഡി.എം.എ ബംഗളൂരിൽ നേരിട്ടുപോയി വാങ്ങും. തുടർന്ന് ഇടനിലക്കാർ വഴി എറണാകുളം ജില്ലയിൽ വില്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
എറണാകുളം മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണർ കെ. സുരേഷ് ബാബുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. പ്രവിൻ, പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ്, സിജി പോൾ, സിവിൽ ഓഫീസർമാരായ പി.എക്‌സ്. റൂബൻ, സിദ്ധാർത്ഥകുമാർ, അനീഷ് കെ. ജോസഫ്, രതീഷ്, വി.എ. അനീഷ്, ജിസ്‌മോൻ, നിത്യ എന്നിവർ പങ്കെടുത്തു.