കിഴക്കമ്പലം: മലയിടംതുരുത്ത് മാക്കീനിക്കരയിൽ എട്ട് ഏക്കറോളം വരുന്ന റബ്ബർത്തോട്ടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച രണ്ടരയോടെ റബ്ബർത്തോട്ടത്തിൽ നിന്നും പുകപടലങ്ങൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് തീയണച്ചത്. അര ഏക്കറോളം ഭാഗം കത്തി നശിച്ചു. റബ്ബർ മരത്തിന്റെ പട്ടയ്ക്ക് കാര്യമായി പൊള്ളലേ​റ്റിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷെയ്ഡുകളും നശിച്ചിട്ടുണ്ട്. നാളുകളായി പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിച്ചു വരുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം മലയിടംതുരുത്ത് സർക്കാർ സ്‌കൂളിനു വേണ്ടി നിർമിക്കുന്ന കെട്ടിടത്തിൽ കരിഓയിൽ ഒഴിച്ച് നാശം വരുത്തിയിരുന്നു. ഭിത്തികളിലും തറകളിലും കരിഓയിൽ ഒഴിച്ചതിനാൽ നിർമാണ പ്രവർത്തങ്ങൾക്ക് തടസം നേരിട്ടു. ഇതുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് റബ്ബർത്തോട്ടത്തിൽ തീപ്പിടിത്തമുണ്ടായത്. ഇതും സാമൂഹിക വിരുദ്ധർ നടത്തിയതാണെന്നാണ് പരിസരവാസികൾ പറയുന്നത്.